തിരുവനന്തപുരം: മീറ്റർ ഇടാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ‘പണി’ കൊടുക്കാൻ പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്. ‘മീറ്റർ ഇടാതെയാണ് ഓട്ടോറിക്ഷ ഓടുന്നതെങ്കിൽ യാത്രയ്‌ക്ക് പണം നൽകേണ്ട’ എന്ന് രേഖപ്പെടുത്തിയ
സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ഓട്ടോറിക്ഷകൾ അമിത ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിന് ലഭിക്കുന്നത്. തുടർന്നാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ ഇത്തരം ഒരു നടപടി. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. കഴിഞ്ഞദിവസം നടന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് പുതിയ തീരുമാനം.
ഓട്ടോറിക്ഷ ഡ്രൈവർ തന്നെയാണ് സ്റ്റിക്കർ പതിക്കേണ്ടത്. അതിനാൽ ആശയം എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിൽ ഇതിനോടകം സംശയം ഉയർന്നിട്ടുണ്ട്. മാത്രമല്ല ഓട്ടോതൊഴിലാളികളും എതിർപ്പറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.















