കോട്ടയം: ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി. പരാമര്‍ശത്തിന്‌റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.
പ്രസ്തുത പരാമർശം തെറ്റായി വ്യാഖ്യാനിച്ച വിഷയത്തിൽ ജോര്‍ജ് സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയിലാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇനി
ഈ മാസം 30 ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.
യൂത്ത് ലീഗാണ് ജോര്‍ജിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ചാനല്‍ ചര്‍ച്ചയിലെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നതായും പരാമര്‍ശം പലരും തെറ്റായി വ്യാഖ്യാനിച്ചുവെന്നും സേഷ്യല്‍ മീഡിയ പോസ്റ്റില്‍ പിന്നീട് പി സി പറഞ്ഞിരുന്നു. കേസെടുക്കും മുന്‍പാണ് അദ്‌ദേഹം ക്ഷമാപണം നടത്തിയത്.















