ന്യൂഡൽഹി: രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ആശമാസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമൃദ്ധമായ ഇന്ത്യയ്‌ക്കായി പ്രവർത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ കുറിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാശംസകൾ നേർന്നത്.
“റിപ്പബ്ലിക് ദിനാശംസകൾ. ഇന്ന്, ഇന്ത്യ ഒരു റിപ്പബ്ലിക്കായതിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നു. ഭരണഘടനാ നിർമ്മിച്ച എല്ലാ മഹത്തയ സ്ത്രീ-പുരുഷ വ്യക്തിത്വങ്ങളെയും ഞാൻ നമിക്കുന്നു. അവരാണ് നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കിയത്. ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യയ്‌ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സുദിനം ശക്തിപ്പെടുത്തട്ടെ,” മോദി കുറിച്ചു.
76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യതലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിൽ രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയാണ് പരേഡിലെ മുഖ്യാതിഥി.















