ഭാരതത്തിലെ പുരാതന പാരമ്പര്യങ്ങളും ആചാരങ്ങളും സജീവമാകുന്ന ഒരു ആത്മീയ കേന്ദ്രം കൂടിയാണ് മഹാ കുംഭമേള. വിവിധ വഴികളിലൂടെ ഒഴുകുന്ന നദികൾ സാഗരത്തിൽ എത്തുന്നത് പോലെ സനാതനധർമ്മത്തിലെ വ്യത്യസ്ത വിഭാഗങ്ങളെല്ലാം കുംഭമേളയിലെത്തുന്നു. കുംഭമേളകളെക്കുറിച്ചുള്ള ചർച്ചയിൽ എപ്പോഴും കേൾക്കുന്ന വാക്കാണ് അഖാര/ അഖാഢകൾ എന്നത്. ആദ്ധ്യാത്മികതയിൽ മാത്രമല്ല ആയുധവിദ്യയിലും പ്രാവീണ്യമുള്ള സാധുക്കളുടെ അഥവാ സന്യാസിമാരുടെ ഒരു സംഘമാണ് അഖാഢ. കുംഭമേളയുടെ നടത്തിപ്പിനും അത് ഭാരതത്തിനും ഹിന്ദു ധർമ്മത്തിനും നൽകുന്ന സാംസ്കാരികവും ആത്മീയവുമായ ഉണർവിനും ഈ അഖാഢകൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.
സാധുക്കൾ എന്ന് പൊതുവെ വിളിക്കപ്പെടുന്ന സന്ന്യാസിമാരെ പ്രത്യേക പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും കീഴിൽ ഒന്നിപ്പിക്കുന്ന സംവിധാനമാണ് അഖാഢകൾ. ഇവ സന്യാസസ്ഥാപനങ്ങളോ വിഭാഗങ്ങളോ ആണ് എന്ന് പറയാം. ഉത്ഭവം, വിശാലത എന്നൊക്കെയാണ് അഖാഢ’ എന്ന വാക്കിന്റെ അർത്ഥം. സമ്പൂർണ്ണ സംഘം എന്നർഥമുള്ള ‘അഖണ്ഡ്’ എന്ന വാക്കിൽ നിന്നാണ് അഖാഢ എന്ന വാക്ക് രൂപം കൊണ്ടത് എന്നാണ് അഭിജ്ഞമതം. അഖാര ‘ എന്ന വാക്കിന് പോരാട്ടം അല്ലെങ്കിൽ ഗുസ്തി വേദി എന്നും അർത്ഥമുണ്ട്,
ഭാരത വർഷത്തിലെ ഹിന്ദു രാജാക്കന്മാർ തമ്മിൽ കലഹിച്ച് ദുർബലമായതോടെ ഇസ്ലാമിക ആക്രമണകാരികൾ നമ്മെ പല ഭാഗങ്ങളിൽ നിന്നും ആക്രമിക്കുകയും ധർമ്മത്തിനെ പലതരത്തിൽ ദ്രോഹിക്കുകയും ചെയ്തു. ക്ഷേത്രധ്വംസനമായിരുന്നു അവരുടെ പ്രധാന പണി. ഇതിൽ സഹികെട്ട് സന്ന്യാസിമാരും അനുയായികളും ആയുധമെടുത്ത് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ മുന്നോട്ട് വന്നു.
അഖാഢകളെക്കുറിച്ചുള്ള ഏതു വിവരണവും ഭാരതീയ സന്യാസി പാരമ്പര്യത്തെക്കുറിച്ച് പരാമർശിക്കാതെ തുടരുക സാധ്യമല്ല.
ആദി ശങ്കരാചാര്യർ സന്യാസ സമ്പ്രദായങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിനെ ദശനാമി സമ്പ്രദായം എന്ന് പറയുന്നു. ആചാര്യൻ ഭാരതത്തിന്റെ നാലു ഭാഗങ്ങളിലായി നാലു മഠങ്ങളും സ്ഥാപിച്ചു. തെക്ക് കർണ്ണാടകയിലെ ശൃംഗേരി,കിഴക്ക് ഒറീസ്സയിലെ പുരി ഗോവർദ്ധന പീഠം ,പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരക, വടക്ക് ഉത്തരാഖണ്ഡിലെ ജ്യോതിർമഠം എന്നിവിടങ്ങളിലാണ് ആദി ശങ്കരൻ സ്ഥാപിച്ച മഠങ്ങൾ ഉള്ളത്
ഇവയുടെ തലവന്മാരെ ശങ്കരാചാര്യന്മാർ എന്നും വിളിക്കുന്നു. ആചാര്യ സ്വാമികളെ തന്റെ പിൻഗാമികളിൽ നിന്ന് വേർതിരിച്ചറിയാൻ ആദിശങ്കരാചാര്യർ എന്ന് പരാമർശിക്കുന്നു. ഈ നാലു മഠങ്ങളിലെ ഈ സന്യാസികൾ സ്വീകരിക്കുന്ന പത്ത് (ദശ) നാമ പ്രത്യയങ്ങൾ ഉള്ളതിനാലാണ് ദശനാമി ക്രമത്തെ അങ്ങനെ വിളിക്കുന്നത്. ഭാരതി, സരസ്വതി, സാഗരം, തീർത്ഥ, പുരി, ആശ്രമം, ഗിരി, പർവ്വതം, ആരണ്യ, വന.ഇവയാണ് ഈ പേരുകൾ.
ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങൾ ആമ്നായ മഠങ്ങൾ എന്നാണ് അറിയപ്പെടുന്നത്. തെക്ക് കർണ്ണാടകയിലെ ശൃംഗേരിക്ക് ദക്ഷിണാമ്നായ ശ്രീ ശാരദാപീഠം എന്നും, കിഴക്ക് ഒറീസ്സയിലെ പുരി ഗോവർദ്ധന പീഠത്തിന് പൂർവാമ്നായ ഗോവർദ്ധന പീഠം എന്നും ,
പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകക്ക് പശ്ചിമാമ്നായ ശ്രീ ശാരദാപീഠം എന്നും , വടക്ക് ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ഉത്തരാമ്നായ ശ്രീ ജ്യോതിഷ് പീഠം എന്നും അറിയപ്പെടുന്നു.
ഈ മഠങ്ങളിൽ ഓരോന്നിനും ശങ്കരൻ നാല് വേദങ്ങളിൽ ഒന്ന് നൽകിയിട്ടുണ്ട് . ഈ നാല് മഠങ്ങളിലെയും ആചാര്യന്മാരും പണ്ഡിതരും അതാത് വേദങ്ങളുടെ പാരമ്പര്യം ഇന്നും തുടരുന്നു. പുരി മഠം ഋഗ്വേദവുമായും, ശൃംഗേരി യജുർവേദവുമായും, ദ്വാരക സാമവേദവുമായും, ജ്യോതിർമഠം അഥർവ്വവേദവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ നാല് മഠങ്ങൾക്കിടയിലായി ദശനാമി സമ്പ്രദായത്തിന്റെ പത്തു പേരുകൾ വിതരണം ചെയ്യപ്പെടുന്നു. ശൃംഗേരിയിലെ സന്യാസിമാർക്കൊപ്പം പുരി, ഭാരതി, സരസ്വതി; ദ്വാരകയിലെ സന്യാസിമാർക്കൊപ്പം തീർത്ഥ ആശ്രമ; ജ്യോതിർമഠത്തിലെ സന്യാസിമാർക്ക് സാഗര, പർവ്വത, ഗിരി, ഒറീസ്സയിലെ പുരിയിലെ ഗോവർദ്ധന പീഠത്തിലെ സന്യാസിമാർക്ക് വനവും ആരണ്യയും എന്നിങ്ങിനെ ആണ് സാമാന്യ നിയമം.
ഉത്തരേന്ത്യയിൽ, ദശനാമി സന്യാസിമാർ ഏഴ് അഖാഢകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. കുംഭമേളയിൽ 13 അംഗീകൃത അഖാഢകളുണ്ട്. ജുന അഖാഡയാണ് ഏറ്റവും വലുത്. ഏഴെണ്ണം സ്ഥാപിച്ചത് ആദിശങ്കരാചാര്യരാണ് അവ ദശനാമി സമ്പ്രദായത്തിലാണ് ഉള്ളത്.
ഏഴു ശൈവ (ദശനാമി) അഖാഢകൾ ജുന(ഭൈരവ്), നിരഞ്ജനി,അടൽ,ആവാഹൻ, ആനന്ദ്, മഹാനിർവാണി , അഗ്നി എന്നിവയാണ് . ഈ അഖാഢകൾക്ക് മഹാമണ്ഡേലശ്വരന്മാർ എന്നറിയപ്പെടുന്ന നേതാക്കളുണ്ട്. ഏഴ് പഞ്ചായത്തി അഖാഢകൾ ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഇപ്പോഴും സമൂഹത്തിൽ വർത്തിക്കുന്നു.
അഖാഢകളെ അവയുടെ ആരാധനാ മൂർത്തിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ശിവനെ ആരാധിക്കുന്നവരുടെ ശൈവഅഖാഢകൾ. ഇവ ദശനാമി സമ്പ്രദായത്തിലാണ്. പേരുകൾ മുൻപേ കൊടുത്തിട്ടുണ്ട്.,മഹാവിഷ്ണുവിന്റെ ഭക്തരുടെതാണ് വൈഷ്ണവ അഖാഢകൾ. ഇവ മൂന്നെണ്ണം ഉണ്ട്. ശ്രീ നിർമോഹി അനി അഖാഢ, ശ്രീ ദിഗംബർ ആനി അഖാഢ, ശ്രീ നിർവാണി അഖാഢ എന്നിവയാണ് അവ. ഗുരുനാനാക്കിന്റെ പ്രബോധനങ്ങൾ പിന്തുടരുന്നവരുടെതാണ് ഉദാസീൻ അഖാഢകൾ. ഇവയും മൂന്നെണ്ണം ഉണ്ട്. ശ്രീ പഞ്ചായത്തി ബഡാ ഉദാസീൻ അഖാഢ, ശ്രീ പഞ്ചായതി നയ ഉദസിൻ അഖാഢ, ശ്രീ നിർമ്മൽ പഞ്ചായത്തി അഖാഢ എന്നിവയാണ് സിഖ് അഖാഢകൾ.
ഒരാൾക്ക് നാഗ സന്യാസിയാകാനുള്ള ആഭിമുഖ്യമുണ്ടായാൽ അയാൾ 13 അഖാഢകളിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം. അതാത് സംവിധാനങ്ങളുടെ അന്വേഷണം ഉണ്ടാകും.അർഹതയുണ്ടെന്നു കണ്ടാൽ അഖാഢകൾ അയാൾക്ക് പ്രവേശന അനുമതി നൽകും. പിന്നെ കടുത്ത നിഷ്ഠകളാണ്. ഒരു അഖാഢയും തങ്ങളുടെ നിഷ്ഠാ പദ്ധതികൾ പൂർണ്ണമായി വെളിപ്പെടുത്തുന്നില്ല. പുറത്തുള്ള വിശിദീകരണങ്ങൾ ഒക്കെ കപോല കല്പിതങ്ങളാണ്.
ഒരു നാഗ സാധുവുവിനെ അഹംബോധവും, ബന്ധനങ്ങളും ഒന്നും സ്വാധീനിക്കുന്നില്ല. ധർമ സംരക്ഷണം എന്ന കർമം മാത്രമാണ് അവരെ നയിക്കുന്നത്. കൊടും ശൈത്യത്തിലും വിവസ്ത്രരായി ഹിമാലയ സാനുക്കളിലും വനാന്തരങ്ങളിലും ഒക്കെ അവർ തപസ്സനുഷ്ഠിക്കും. കുംഭ മേള കൾക്ക് മാത്രമാണ് അവർ ജനങ്ങളുടെ ഇടയിലെത്തുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കുംഭമേള നടന്നത് 1954 ലാണ്. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 800-ഓളം പേർ മരിച്ചതിനെ തുടർന്ന് ഒരു അപെക്‌സ് ബോഡി രൂപീകരിക്കാൻ തീരുമാനിച്ചു. കുംഭമേള സംഘടിപ്പിക്കുന്നതിനും വിവിധ അഖാഢകൾ തമ്മിലുള്ള ഏകോപനം പ്രോത്സാഹിപ്പിക്കുകയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി 1954-ൽ അഖില ഭാരതീയ അഖാഢ പരിഷത്ത് സ്ഥാപിതമായി.എബിഎപിയുടെ ആസ്ഥാനം അയോധ്യയിലാണ്.
രഞ്ജിത് കാഞ്ഞിരത്തിൽ