ന്യൂഡൽഹി: ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കേരളത്തിൽ നിന്നുള്ള വനവാസി രാജാവിനും ക്ഷണം. മന്നാൻ സമുദായത്തിലെ രാജാവ് രാമൻ രാജമന്നാനാണ് ഡൽഹിയിൽ കർത്തവ്യ പഥിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. രാജമന്നാൻ രാജാവിനൊപ്പം ഭാര്യ ബിനുമോളും ഉണ്ടാകും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു കേന്ദ്രസർക്കാരിന്റെ റിപ്പബ്ലിക് ദിന ക്ഷണക്കത്ത് സമുദായ രാജാവിന് കൈമാറി. ഇതാദ്യമായാണ് ഒരു വനവാസി രാജാവ് ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ ഏക ഗോത്രരാജാവായ രാജമന്നാനും ഭാര്യയും ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചിരുന്നു. പരേഡിന് ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് ഇവർ മടങ്ങും. തലപ്പാവും ഷോളുമടങ്ങിയ മന്നാൻ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചാവും രാജമന്നാൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കുചേരുക.
ഇടുക്കി ജില്ലയിലെ 48 സെറ്റിൽമെൻ്റുകളിലായി താമസിക്കുന്ന ഗോത്രവർഗ വിഭാഗമായ മന്നാനിലെ 300 കുടുംബങ്ങളുടെ തലവനാണ് രാജമന്നാൻ. മന്നാൻ സമുദായത്തിന്റെ ആചാരങ്ങളിലും ആഘോഷങ്ങളിലും രാജാവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 2012-ൽ ആര്യൻ രാജമന്നാന്റെ മരണശേഷമാണ് രാമൻ രാജമന്നാൻ വനവാസി സമുദായത്തിന്റെ ഭരണം ഏറ്റെടുത്തത്.
സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ രാജമന്നാൻ കർഷകനായി സാധാരണ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിന് രാജകൊട്ടാരമോ രഥമോ ഇല്ല. ചെറിയൊരു വീട്ടിലാണ് താമസം. കുടുംബത്തോടൊപ്പം ഒരു പ്രാദേശിക ക്ഷേത്രം ത്തിലെ പൂജാധികാര്യങ്ങൾ നോക്കി നടത്തുന്നതും രാമൻ രാജമന്നാനാണ്. മന്നാൻ സമുദായം പിന്തുടരുന്നത് മാട്രിലൈൻ സമ്പ്രദായമാണ്, അതായത് സ്ത്രീകൾക്ക് അനന്തരാവകാശം ലഭിക്കുക.















