ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ( യൂനിഫൈഡ് പെൻഷൻ സ്കീം-യുപിഎസ്) ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
നാഷണൽ പെൻഷൻ സ്കീം( എൻപിഎസ്) പരിരക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആയിരിക്കും പദ്ധതിയ്‌ക്ക് അർഹത ഉണ്ടാവുക. എന്നാൽ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാതെ എൻപിഎസിൽ തന്നെ തുടരാനും അവസരമുണ്ടാകും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി
യുപിഎസ് വിജ്ഞാപനമനുസരിച്ച്, 25 വർഷം സർവീസുള്ളവർക്ക് അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. ഉദാഹരണത്തിന് 25 വർഷം സർവീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസവേതനമുണ്ടെങ്കിൽ (അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കും.
സർവീസിൽ നിന്ന് പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്താൽ യുപിഎസ് പ്രകാപരമുള്ള പെൻഷന് ലഭിക്കില്ല. പത്ത് വർഷത്തിനും ഇരുപത്തിയഞ്ച് വർഷത്തിനും ഇടയിൽ സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പ്രതിമാസ പെൻഷൻ പദ്ധതി ഉറപ്പുനൽകുന്നു. എന്നാൽ പത്ത് വർഷത്തിൽ താഴെ സർവ്വീസുള്ളവർക്ക് യുപിഎസിന് അർഹതയുണ്ടാകില്ല. പെൻഷൻകാരൻ മരണപ്പെട്ടാൽ പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും. കൂടാതെ പെൻഷൻ തുകകൾ പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിക്കും.
2004 ജനുവരി ഒന്നിനോ അതിന് ശേഷമോ സർവീസിൽ പ്രവേശിപ്പിച്ചവർക്കാണ് യുപിഎസ് ആനുകൂല്യം. എൻപിഎസിൽ ജീവനക്കാർ 10 ശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടത്. എന്നാൽ യുപിഎസിൽ സർക്കാർ വിഹിതം 14 ൽ 18.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ വിഹിതത്തിൽ മാറ്റമില്ല.
2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 26 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 66 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരും എൻപിഎസിൽ അംഗങ്ങളാണ്.















