റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ പുറത്തുവിട്ട പത്മശ്രീ പുരസ്‌കാര പട്ടികയിൽ ഇടം നേടിയത് രാജ്യത്തെ സാധാരണക്കാർ മുതൽ കലാകായിക രംഗത്തെ പ്രമുഖർ വരെ. ഗോവ വിമോചന സമരത്തിൽ പ്രധാന പങ്കുവഹിച്ച 100 വയസുള്ള ലിബിയ ലോബോ സർദേശായിയും ഇക്കൂട്ടത്തിൽ പെടുന്നു. വനപ്രദേശത്ത് ഭൂഗർഭ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച് പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച വനിതാ നേതാവാണ് ലിബിയ.
ധാക്ക് വാദ്യോപകരണത്തിലെ അഗ്രഗണ്യനായി മാറിയ പശ്ചിമ ബംഗാളിലെ കലാകാരൻ ഗോകുൽ ചന്ദ്ര ഡേയെയും രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു. പുരുഷ മേധാവിത്വമുള്ള മേഖലയിൽ 150 ഓളം സ്ത്രീകളെ പരിശീലിപ്പിച്ച് സാമൂഹിക ചട്ടക്കൂടുകൾ തകർക്കാൻ അദ്ദേഹത്തിനായി.
സെർവിക്കൽ ക്യാൻസർ കണ്ടെത്തൽ, പ്രതിരോധം, ചികിത്സ എന്നിവയിൽ വൈദഗ്ധ്യം നേടിയ ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി.
30 ലേറെ വർഷമായി വ്യത്യസ്തമായ വിദേശയിനം പഴങ്ങൾ കൃഷി ചെയ്യുകയും നാഗാലാൻഡിലെ 40 ഗ്രാമങ്ങളിലായി 200-ലധികം കർഷകരുമായി തന്റെ അറിവ് പങ്കുവെക്കുകയും ചെയ്ത പഴക്കർഷകൻ എൽ ഹാംഗ്‌തിംഗിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കാർഷികമേഖലയിലെ സംഭവനകൾക്കാണ് അംഗീകാരം.
കുവൈത്തിൽ നിന്നുള്ള യോഗാ പരിശീലക ഷെയ്ഖ എജെ അൽ സബാഹ്, ഉത്തരാഖണ്ഡിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ ദമ്പതികളായ ഹഗ്, കോളിൻ ഗാൻ്റ്‌സർ എന്നിവരും പത്മ പുരസ്‌കാര പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.















