വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റാണ് (USAID) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് ട്രംപ് ഭരണകൂടം അയച്ചു.
വിദേശ സഹായം വെട്ടിക്കുറയ്‌ക്കാനുള്ള ട്രംപിന്റെ തിരുമാനത്തിന്റെ ഭാഗമായാണ് നടപടി.
നേരത്തെ, ഇന്ത്യൻ വംശജമായ യുഎസ് കോൺഗ്രസ് അംഗം ശ്രീതാനേദർ ഹിന്ദു വംശഹത്യയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിനെതിരെ ഉപരോധം ഏർപ്പെടുത്താനും സഹായം നിർത്തിവയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം ഒഴികെ നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിർത്തിവയ്‌ക്കുമെന്ന് യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റിന്റെ ഉത്തരവിൽ പറയുന്നു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് യുഎസിന്റെ തിരുമാനം കനത്ത തിരിച്ചടിയാകും. യുഎസ്എഐഡിയുടെ സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന ഏഷ്യൻ രാജ്യമാണ് ബംഗ്ളാദേശ്. 2024 സെപ്‌തംബറിൽ, യുഎസ് 202 മില്യൺ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഇതും മുടങ്ങി. ബംഗ്ലാദേശിലെ പൊതുജനാരോഗ്യരക്ഷാ പദ്ധതികൾ അടക്കം മുന്നോട്ട് പോകുന്നത് യുഎസ് സഹായത്താലാണ്. പുതിയ രാഷ്‌ട്രീയ സംഭവ വികാസത്തിന് പിന്നാലെ ബംഗ്ലാദേശിന് ഇന്ത്യ നൽകി വരുന്ന സഹായവും പുർണ്ണമായും ഇല്ലാതായി. യുഎസ് കൂടി വാതിൽ കൊട്ടിയടച്ചതോടെ യൂനുസും സംഘവും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.















