പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃത സ്നാനം നടത്തിയതിന്റെ ആത്മ നിർവൃതിയിൽ കമല എന്ന ലോറീൻ പവൽ ജോബ്‌സ് മടങ്ങി. അനാരോഗ്യം മൂലം ആദ്യ ദിവസം ഗംഗയിലെ പുണ്യസ്നാനത്തിൽ പങ്കെടുക്കാൻ കമലയ്‌ക്ക് സാധിച്ചിരുന്നില്ല. ആരോഗ്യം വിണ്ടെടുത്ത് ചടങ്ങുകളെല്ലാം പൂർത്തിയാക്കിയാണ് അവർ പ്രയാഗിൽ നിന്നും മടങ്ങിയത്. രണ്ടാഴ്ചയോളമാണ് കമലയും സംഘവും പ്രയാഗ്‌രാജിൽ തങ്ങിയത്.
ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോഹ്സിന്റെ ഭാര്യയാണ് കമല. ജനുവരി 12 നാണ് ലോറീൻ കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തിയത്. മകരസംക്രാന്തി ദിനത്തിൽ നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ ഗിരി മഹാരാജിൽ നിന്നും ആത്മീയദിക്ഷ സ്വീകരിച്ച അവർ കമലയെന്ന പേരും സ്വീകരിച്ചിരുന്നു.
കമലയുടെ യാത്ര പ്രയാഗ്രാജ് വിമാനത്താവളത്തിനും ചരിത്ര മുഹൂർത്തമായി. 93 വർഷത്തിന് ശേഷമാണ് പ്രയാഗ്‌രാജിൽ അന്താരാഷ്‌ട്ര വിമാനം ഇറങ്ങുന്നത്. ഭൂട്ടാൻ എയർവേയ്‌സിന്റെ രണ്ട് ചാർട്ടഡ് വിമാനത്തിലാണ് കമലയും 50 പേരടങ്ങുന്ന പേഴ്‌സണൽ സ്റ്റാഫും പ്രയാഗിൽ വിമാനമിറങ്ങിയത്. അതേ വിമാനത്തിൽ തന്നെയായിരുന്നു മടക്കയാത്രയും . 1931- ലാണ് അലഹബാദ് എയർഡ്രോം സ്ഥാപിതമായത്. 1932 വരെ ഇവിടെനിന്നും ലണ്ടനിലേക്ക് വിമാന സർവീസുകൾ ഉണ്ടായിരുന്നു.
സ്റ്റീവ് ജോബ്സിന്റെ ആഗ്രഹം സഫലീകരണത്തിനായാണ് ഭാര്യ കുംഭമേളയിൽ എത്തിയത്. 1974 ഫെബ്രുവരി 23-ന് സ്റ്റീവ് ജോബ്സ് തന്റെ 19-ാം വയസിൽ സുഹൃത്ത് ടിം ബ്രൗണിന് എഴുതിയ കത്തിൽ കുംഭമേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.















