കൽപ്പറ്റ: നരഭോജി കടുവയുടെ ആക്രമണഭീതി നിലനിൽക്കുന്ന മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി. സ്ഥലത്തെ ആളുകൾ വീട്ടിൽ തന്നെ ഇരിക്കണമെന്ന് നിർദേശം. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് അവധിയും നിർദേശങ്ങളും.
കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള ഡിവിഷനുകളിൽ നിന്ന് മറ്റു ഡിവിഷനുകളിലെ സ്കൂളുകളിൽ പോയി പഠിക്കുന്ന കുട്ടികൾക്കും കളക്ടർ രണ്ട് ദിവസത്തെ അവധി നൽകിയിട്ടുണ്ട്.
നരഭോജി കടുവയുടെ ആക്രമണഭീതി നിലനിൽക്കുന്ന മാനന്തവാടി നഗരസഭയിലെ ഒന്നാം ഡിവിഷൻ (പഞ്ചാരക്കൊല്ലി), രണ്ടാം ഡിവിഷനിൽ (പിലാക്കാവ്) ഉൾപ്പെടുന്ന സെൻ്റ് ജോസഫ് എൽപി സ്ക്കൂളിന് മേൽഭാഗം ഉൾപ്പെട്ടുവരുന്ന ഭാഗവും, കയ്യേറ്റഭൂമി പ്രദേശം, വട്ടർകുന്ന് പ്രദേശം, മുപ്പത്തിയാറാം ഡിവിഷനിൽ (ചിറക്കര) ഉൾപ്പെട്ടു വരുന്ന ചിറക്കര ഭാഗം (പഞ്ചാരക്കൊല്ലി) എന്നീ പ്രദേശങ്ങളിൽ 2025 ജനുവരി 27, തിങ്കളാഴ്ച രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ബുധൻ രാവിലെ 6 മണി വരെ കർഫ്യു
കർഫ്യൂ നിലവിൽ വരുന്ന ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. പി എസ് സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം
വയനാട് പഞ്ചാര കൊല്ലിയിലെ കടുവയെ പിടികൂടാനുള്ള തെരച്ചിൽ തുടരും. സ്ഥലത്ത് 16 ലൈവ് ക്യാമറകൾ കൂടി സ്ഥാപിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ള ടീം തന്നെയാണ് തെരച്ചിൽ തുടരുന്നത്.















