നഗരവാസികൾക്ക് ഗ്രാമങ്ങളിലെ കിണറുകളിലോ കുളങ്ങളിലോ തടാകങ്ങളിലോ കുളിക്കുമ്പോൾ, അല്ലെങ്കിൽ അവിടെനിന്ന് ഒരു കൈക്കുമ്പിളിൽ നിറയെ വെള്ളം കോരി മുഖത്തൊഴിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ, അഭ്രപാളികളിൽ ആ അനുഭൂതി പകർന്നു തരുന്നത് അറിയണമെന്നുണ്ടോ.? എങ്കിൽ നിങ്ങൾക്ക് അം അഃ എന്ന ഈ ചെറിയ ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ളത് നാഭീ നാള ബന്ധമാണ്. ഓരോ മനുഷ്യർക്കും അവരുടെ അമ്മയോടും ഉള്ളത് അതേ ബന്ധമാണ്. പ്രകൃതിയെയും അമ്മയെയും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു കൊച്ചു ചിത്രമാണ് അം അഃ. കേരളത്തിൽ പ്രകൃതിയെ ചിത്രീകരിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. അവയിൽ എന്തുകൊണ്ടും മുന്നിൽ നിൽക്കുന്ന ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ മൂലമറ്റം. ഈ സിനിമ അവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വളരെ സുഭദ്രമായ ഒരു കഥാതന്തു, അതിനേക്കാൾ ഭദ്രമായി വികസിപ്പിച്ച് തിരക്കഥയാക്കിയിരിക്കുന്നു. ഓരോ പ്രേക്ഷകന്റെയും അന്തരാത്മാവിൽ കൊളുത്തി വലിക്കുന്നത് പോലെ അത് സെല്ലുലോയ്ഡിൽ എത്തിച്ചിരിക്കുന്നു. അങ്ങനെ നോക്കിയാൽ ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവും നൂറിൽ നൂറ് മാർക്ക് നേടിയിട്ടുണ്ട്.

“അം അഃ” എന്ന പേരിൽ തന്നെ തുടങ്ങുന്ന പുതുമയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മരാ മരാ എന്ന് തുടർച്ചയായി ജപിച്ചപ്പോൾ അത് രാമ രാമ എന്ന മന്ത്രമായി മാറിയത് പോലെ “അം അ” എന്നീ രണ്ടക്ഷരങ്ങൾ ഒന്നിച്ചു ചേർത്തു പറയുകയോ തുടർച്ചയായി പറയുകയോ ചെയ്താൽ അത് അമ്മയായി മാറും.ആ മാറ്റത്തിന്റെ മാസ്മരികതയിൽ പ്രേക്ഷക മനസ്സ് ഊയലാടും.
അങ്ങ് ദൂരെ മലയുടെ മുകൾ ഭാഗമായ കവന്തയിലേക്ക് പണിക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫൻ ആണ് സിനിമയുടെ പ്രധാന കഥാപാത്രം.അമ്പലവും ആശ്രമവും നദിയും നീരൊഴുക്കും അതിനേക്കാൾ ആത്മാർത്ഥതയുള്ള ജനങ്ങളുമുള്ള ശാന്ത സുന്ദരമായ ആ ഗ്രാമത്തിൽ സ്റ്റീഫന്റെ വരവോടുകൂടി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ സസ്പെൻസ്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത സറോഗസി അഥവാ “വാടക ഗർഭധാരണം” ഓരോ മനുഷ്യരിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് ഈ സിനിമയുടെ ചാലകശക്തി. അതുമായി ബന്ധപ്പെട്ട് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ചില രംഗങ്ങൾ സഹൃദയരായ ഏതൊരു മനുഷ്യന്റെയും നെഞ്ചിന് ഭാരമുണ്ടാക്കും. കണ്ണുകൾ നിറയ്‌ക്കുകയും മനസ്സിനെ വിഷമിപ്പിക്കുകയും ചെയ്യും.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും, അമ്മയും മക്കളും തമ്മിലുള്ള ബന്ധവും, മക്കളുപേക്ഷിച്ചു പോയ അച്ഛനും, വൈകാരികതയും സസ്പെൻസും, പശ്ചാത്തലത്തിൽ എപ്പോഴും ഉയർന്നു കേൾക്കുന്ന ആകാശവാണിയുടെ ലളിതഗാനങ്ങളും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ഇടുക്കിയുടെ സൗന്ദര്യം ഒരല്പം പോലും ചോർന്നുപോകാതെ പ്രേക്ഷകന്റെ ഉള്ളിന്റെ ഉള്ളിലേക്ക് എത്തിച്ചുകൊടുക്കുന്ന നിരവധി ആകാശ ദൃശ്യങ്ങൾ ഷോട്ടുകൾ ഈ സിനിമയിലുണ്ട്. അവയുടെ ആഴവും ആസ്വദിക്കണമെങ്കിൽ തീയറ്ററിൽ തന്നെ കാണണം എന്നൊരു ആവശ്യം ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. പ്രകൃതിയുടെ സാന്നിധ്യം നമ്മെ അറിയിക്കുവാൻ വേണ്ടി ഒരുക്കിയിരിക്കുന്ന ശബ്ദ വിന്യാസം എടുത്തു പറയേണ്ടതാണ്.

മലയോരത്തിന്റെ ഉൾത്തുടിപ്പുള്ള കഥയെ ഇടുക്കിയുടെ നാട്ടുഭാഷ അതേപോലെ ഒപ്പിയെടുത്ത് വികസിപ്പിച്ച തിരക്കഥാകൃത്ത് പ്രസാദ് ഗോപിനാഥിന്റെ രചനാ വൈഭവത്തെ സൂചിപ്പിക്കാതെ പോകുക വയ്യ. തിരക്കഥാകൃത്ത് മനസ്സിൽ എന്ത് ഉദ്ദേശിച്ചോ അതേപോലെ സ്ക്രീനിൽ അഭിനയിച്ച ഫലിപ്പിച്ച കഥാപാത്രങ്ങൾ, പ്രത്യേകിച്ച് ജാഫർ ഇടുക്കി, ദിലീഷ് പോത്തൻ, നായികയായി എത്തിയ ദേവദർശിനി എന്നിവർ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.
എന്നാൽ ഇതിനെയൊക്കെ വെല്ലുന്ന പ്രകടനമാണ് കോഴിക്കോട് ജയരാജ് നടത്തിയത്. അദ്ദേഹം അവതരിപ്പിച്ച ആശാൻ എന്ന കഥാപാത്രം നിഗൂഢതയുടെ ഒരു പെട്ടകമായി ഓരോ പ്രേക്ഷകനെയും പിന്തുടരുക തന്നെ ചെയ്യും.ശ്രുതി ജയൻ ടി ജി രവി എന്നിവരും വളരെ നന്നായി.

എങ്ങാണ്ടിയൂർ ചന്ദ്രശേഖരന്റെ നാടൻ ശീലുകളും, റഫീഖ് അഹമ്മദിന്റെ സുന്ദരമായ ഗാനങ്ങളും ഗോപി സുന്ദറിന്റെ മാസ്മരികമായ സംഗീതവും പ്രേക്ഷകന്റെ മനസ്സും ഹൃദയവും നിറയ്‌ക്കുന്നു.
അങ്ങേയറ്റം സങ്കടകരമായ രംഗങ്ങൾ കടന്ന് അവസാന സീനിലേക്ക് എത്തുമ്പോൾ കൺകോണിലൂടെ ഊറി ഇറങ്ങുന്ന ആ ചെറിയ നീരുറവയുടെ ഇടയിലും പ്രേക്ഷകന്റെ ചുണ്ടിൽ ഉരുത്തിരിയുന്ന സന്തോഷത്തിന്റെ പുഞ്ചിരിയുണ്ടല്ലോ, തീയറ്ററിലെ അന്ധകാരത്തിൽനിന്ന് ഉയരുന്ന ആശ്വാസത്തിന്റെ നെടുവീർപ്പുണ്ടല്ലോ, ആ നെടുവീർപ്പാണ്, ആ ചെറുപുഞ്ചിരിയാണ് ഈ സിനിമയ്‌ക്കും അതിന്റെ പിന്നണിക്കാർക്കും ഉള്ള ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.

സങ്കടക്കടലിന്റെ തിരത്തള്ളലിനൊടുവിൽ ദൂരെ മുനിഞ്ഞു കത്തുന്ന പ്രതീക്ഷയുടെ മൺചെരാത് നൽകുന്ന സുഖം അനുഭവിച്ചറിയാൻ അം അഃ എന്ന ഈ ചിത്രത്തിന് ധൈര്യമായി ടിക്കെറ്റെടുക്കാം.
എഴുതിയത്: രഞ്ജിത് കാഞ്ഞിരത്തിൽ















