പാലക്കാട് സൗത്ത് ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ. ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി ചുമതലയേറ്റത്. നേതൃത്വമെന്നത് ഒരു പദവിയല്ലെന്നും പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി ഒറ്റക്കെട്ടാണ്. ഒരേ മനസോട് കൂടി ഒറ്റ ആദർശനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം ചുമതലയേറ്റ് സംസാരിക്കവേ പറഞ്ഞു.
ഒറ്റ മനസോടെ പ്രവർത്തിക്കുന്നവർ മാത്രം മതി ബിജെപിയെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കാനായി. സാധാരണക്കാരന്റെ ഹൃദയത്തിലാണ് ബിജെപിയുള്ളത്. അങ്ങനെയുള്ള സാധാരണക്കാരുടെ പിന്തുണയോടു കൂടിയാണ് ഈ പാർട്ടി കേരളത്തിൽ ഉടനീളം മുന്നോട്ട് പോകുന്നത്. അവിടെയാണ് ഈ പാർട്ടി വിട്ട് പലരും പുറത്തേക്ക് പോയിരിക്കുന്നത്. മറ്റ് പാർട്ടിയിൽ സ്ഥാനത്തിനായി തെരാ പരാ നടക്കുന്നവർ ഒന്ന് മനസിലാക്കണം, പ്രവർത്തകരുടെ ഹൃദയത്തിലെ സ്ഥാനമാണ് വേണ്ടത്. പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതൃത്വമാണ് വേണ്ടതെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.
സ്വന്തം കൂടെപ്പിറപ്പുകൾ കൺമുന്നിൽ പിടിഞ്ഞ് വീണ് മരിക്കുന്നത് കണ്ടിട്ടും ഈ ആദർശത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ട് പോകാത്തവരുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ സ്മൃതി മണ്ഡപത്തിൽ പോയി നിൽക്കുമ്പോൾ നമ്മുടെ തലയ്‌ക്ക് അകത്തേക്ക് ഒരു കാറ്റ് വീശും. ആദർശത്തിന്റെ തീച്ചൂളയിൽ നിന്ന് വീശുന്ന കാറ്റ്, ഹൃദയത്തിന്റെ അകത്തേക്ക് കടന്നു കഴിഞ്ഞാൽ വേദിയിലിരിക്കാൻ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ തോന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.















