ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ജയചന്ദ്രനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് പി. വി നാഗരത്ന അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് നടൻ സുപ്രീകോടതിയെ സമീപിച്ചത്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന കേസാണിതെന്നും കുടുംബ തർക്കമാണ് പരാതിക്ക് പിന്നിലെന്നും ജയചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നഗരത്തിലെ ഒരു വീട്ടിൽ വച്ച് നാല് വയസുകാരിയെ ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞവരാണ്. അമ്മയുടെ വീട്ടിൽ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയിൽ നിന്ന് പൊലീസ് പലതവണ മൊഴി എടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്.















