ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ 2024 (Waqf (Amendment) Bill) അംഗീകരിച്ച് സംയുക്ത പാർലമെന്ററി സമിതി. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരും നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. വഖഫ് ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ വോട്ടുരേഖപ്പെടുത്തിയപ്പോൾ 10 എംപിമാർ മാത്രമായിരുന്നു ബിൽ എതിർത്തത്. ഇതോടെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ച 44 ഭേദഗതികൾ വോട്ടെടുപ്പിൽ തള്ളിയതായും ജെപിസിസി ചെയർമാൻ ജംഗദംബിക പാൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഭരണപക്ഷം നിർദേശിച്ച 14 ഭേദഗതികൾ ഉൾപ്പെടുത്തി ബില്ലിൽ റിപ്പോർട്ട് നൽകും. ഇതിന്റെ അന്തിമ റിപ്പോർട്ട് വരുന്ന പാർലമെന്റ് സമ്മേളനത്തിൽ സമർപ്പിക്കപ്പെടുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് വഖ്ഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 1995ലെ വഖ്ഫ് നിയമത്തിൽ കാര്യപ്രസക്തമായ പല പരിഷ്കാരങ്ങളും വരുത്തിയതാണ് പുതിയ നിയമം. വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വെല്ലുവിളികളും തർക്കങ്ങളും അഭിസംബോധന ചെയ്യപ്പെടുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ എംപിമാരിൽ ചിലർ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു ജെപിസിക്ക് ബിൽ നൽകിയത്. ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിൽ ഭേദഗതികൾ സംബന്ധിച്ച് തീരുമാനമായി. വോട്ടെടുപ്പിലൂടെ പരിഹാരം കണ്ട സാഹചര്യത്തിൽ ജെപിസിയിലെ ഭരണപക്ഷ എംപിമാർ നിർദേശിച്ച 14 ഭേദഗതികൾ വഖ്ഫ് ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തുന്നതാണ്.















