പാലക്കാട്: പൊലീസിനതിരെ ഗുരുതര ആരോപണവുമായി നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ. പ്രതി ചെന്താമരയ്‌ക്കെതിരെ ഡിസംബർ 29 ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അഖില പറഞ്ഞു. അഞ്ച് വർഷം മുൻപ് അഖിലയുടെ അമ്മയെ കൊലപ്പെടുത്തിയതും ചെന്താമരയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇന്ന് രാവിലെ അഖിലയുടെ അച്ഛനേയും മുത്തശ്ശിയേയും ഇയാൾ കൊലപ്പെടുത്തിയത്.
പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പൊലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. താനും അച്ഛനും കൂടിയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയത്. അതിന് ശേഷം
നാട്ടുകാരും അയാൾക്കെതിരെ പരാതി നൽകിയിരുന്നു. വിളിച്ച് വരുത്താം അന്വേഷിക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പൊലീസ് ചെയ്തത്. പൊലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. കൊല്ലുക, ജയിലിൽ പോവുക… അയാളെന്താ ടൂറിന് പോവുകയാണോ? ഇനി എന്നേം കൂടി കൊന്നിട്ട് പോട്ടേ. ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം പേടിച്ച് വീടുവിട്ട് പോയതാണ് തന്റെ കുടുംബമെന്നും അച്ഛൻ ക്ഷേമനിധി അടയ്‌ക്കാനായി വന്നപ്പോഴാണ് ക്രൂരകൃത്യമെന്നും നെഞ്ചു പൊട്ടുന്ന വേദനയിൽ അഖില പറഞ്ഞു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതിയും ഇവരുടെ അയൽവാസിയുമായ ചെന്താമരയ്‌ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഭാര്യയും കുട്ടികളുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ചെന്താമര. ഇയാൾ സൈക്കോയാണെന്നും കത്തിയുമായാണ് നടക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.















