വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചത്ത കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ വസ്ത്രത്തിന്റെ അവശിഷ്ടവും കമ്മലും മുടിയും ലഭിച്ചു. ഇതോടെ രാധയെ കാെലപ്പെടുത്തിയ നരഭോജിയാണ് ചത്തതെന്ന് ഔദ്യോഗികമായി ഉറപ്പിച്ചു.
ഏറ്റുമുട്ടലിൽ കടുവയുടെ കഴുത്തിലുണ്ടായ മുറിവുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. നാല് മുറിവുകളാണ് കഴുത്തിലുണ്ടായിരുന്നത്. ഇതിൽ ചിലത് ആഴത്തിലുള്ളതായിരുന്നു. ഉൾവനത്തിൽ മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാകാം പരിക്കുണ്ടായതെന്ന സംശയത്തിലാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12.30 ഓട അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയായിരുന്നു രാധ.