അബ്രഹാം ഖുറേഷിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. മോഹൻലാലും പൃഥ്വിരാജും അടക്കം വൻ താരനിര തന്നെ ചടങ്ങിന് എത്തിയിരുന്നു. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എമ്പുരാൻ തിയറ്ററിൽ എത്തുന്ന മാർച്ച് 27ന് തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് പറയുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര. ടീസർ റിലീസിനിടെയാണ് സുചിത്രയുടെ വാക്കുകൾ.
പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യൻസും ചേർന്നതാണ് ലൂസിഫർ. അവർ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകാനാണ്. മാർച്ച് 27ന് എമ്പുരാൻ കാണാൻ വേണ്ടി ഞാനും കാത്തിരിക്കുകയാണ്. എന്റെ മകളുടെ പിറന്നാളും അതേ ദിവസമാണ്. അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണെന്നും സുചിത്ര പറഞ്ഞു.
മലയാളത്തിനൊപ്പം കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് ആൻ്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ്. വമ്പൻ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.