ഡബ്ല്യുസിസിയിലെ പടലപിണക്കത്തിൽ പൊതുവേദിയിൽ ഏറ്റുമുട്ടി നടി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയായിരുന്നു ഇവരുടെ തകർക്കത്തിനും ചെളിവാരിയെറിയലിനും സാക്ഷിയായത്. സ്ത്രീയും സിനിമയും എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയാണ് പാർവതിയും ഭാഗ്യ ലക്ഷ്മിയും നേർക്കുനേർ വന്നത്. ഡബ്ല്യുസിസി സിനിമയിലെ സ്ത്രീകൾക്ക് തുറന്നിട്ടിരിക്കുന്ന ഇടത്തെപ്പറ്റിയും പാർവതി സംസാരിച്ചു. ഹേമാകമ്മിറ്റി റിപ്പോർട്ട് പരാമർശിച്ചതിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. നമുക്ക് എന്തും തുറന്നു പറയാനുള്ള ഇടമുണ്ട്. ഇവിടെ ആർക്കും വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുള്ളവർക്കും അവിടേക്ക് വരാമെന്നായിരുന്നു പാർവതി പറഞ്ഞത്.
കാണികൾക്കിടയിൽ നിന്ന് എഴുന്നേറ്റ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതിന് മറുപടി പറഞ്ഞു. “ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം നൽകുന്ന രീതിയിൽ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നൽകാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാൽ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകൾ നിങ്ങളിലേക്ക് വരാൻ ശ്രമിക്കും. ‘ഞങ്ങൾ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്’ എന്ന് എന്നോട് സ്ത്രീകൾ ചോദിക്കാറുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുകൾ അല്ല, അവർക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ് ആയിട്ടുള്ള സ്ത്രീകൾ അങ്ങനെ പലരും, ഞങ്ങൾ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നിൽക്കുന്നുണ്ട്. അപ്പോൾ അതും കൂടി ഒന്നു നിങ്ങൾ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പിൽ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷൻ ഉണ്ടാകണം എന്ന്,” ഭാഗ്യലക്ഷ്മി പറഞ്ഞു നിർത്തി
പാർവതിയുടെ മറുപടി ഇങ്ങനെ ‘ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ’? ഇതോടെ കാണികളും ഇളകി.ഇതോടെ വിയോജിപ്പ് പരസ്യമാക്കിയാണ് ഭാഗ്യലക്ഷ്മി തിരിച്ചടിച്ചത്. സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉൾപ്പെടുത്തണ്ട എന്ന് സംഘടനയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞതായി താൻ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും അവർ വ്യക്തമാക്കി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ
“മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനിൽ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോൾ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോൾ, ശരി എന്നെ ഇഷ്ടമല്ലെങ്കിൽ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്,”.