ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തെ യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത് സംബന്ധിച്ച സംവാദങ്ങളിലും ചർച്ചകളിലും രാജ്യത്തെ യുവാക്കളുടെ സജീവസാന്നിധ്യം ഉണ്ടാകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
രാജ്യത്തെ യുവാക്കളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സമാനമായി രാജ്യത്ത് ഇത് സംബന്ധിച്ച വലിയ ചർച്ചകളും നടക്കുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിരഭാവിക്ക് വേണ്ടിയായതുകൊണ്ടു തന്നെ യുവാക്കൾ അതിൽ കൂടുതൽ പങ്കാളികളാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിപുലമായ ചർച്ചകൾ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തെ വലിയ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ ഓരോ മാസങ്ങളുടെ ഇടവേളയിലും രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടന്നിരുന്നുവെങ്കിലും പിന്നീട് ഈ രീതിക്ക് മാറ്റം വന്നു. അത് രാജ്യത്തിന് ഏറെ കോട്ടം വരുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് രീതിയും പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഇടയ്‌ക്കിടെ വരുന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി അദ്ധ്യാപകരെ നിയോഗിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ ഭരണസംവിധാനത്തെയും ഇത് ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൻസിസി കേഡറ്റുകളും മൈ ഭാരത് വോളന്റിയേഴ്‌സും സ്‌കൂളുകളിലെയും കോളേജുകളിലെയും എൻഎസ്എസ് അംഗങ്ങളും ഉൾപ്പെടെ ഈ ചർച്ചകളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യയിലെ യുവാക്കളുടെ സംഭാവനയില്ലാതെ ലോകത്ത് ഒരിടത്തും വികസനം സാദ്ധ്യമല്ലെന്ന നിലയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകങ്ങളിൽ രാജ്യത്തെ യുവാക്കൾ നേരിട്ട പ്രതിബന്ധങ്ങൾ നീക്കുകയാണ് തന്റെ സർക്കാർ ചെയ്തതെന്നും മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.















