കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളിൽ വന്യ ജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലത്തും പാലക്കാട്ടും പശുവിനെയും ആടിനെയും അജ്ഞാത ജീവി കൊന്നു. ആക്രമിച്ചത് പുലി ആണെന്നാണ് സംശയം.
കൊല്ലം പത്തനാപുരം കറവൂരിൽ വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടു. കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് അജ്ഞാത ജീവി കൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്ന് കർഷകർ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബിജുവിന് തന്റെ പശുവിനെ നഷ്ടമാകുന്നത്. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നു .സംഭവത്തെതുടർന്ന് വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി.
പാലക്കാട് കാഞ്ഞിരപ്പുഴയിൽ വന്യജീവി ആടിനെ കൊന്നു. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയിൽ ജോസിന്‍റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളിൽ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.















