മുംബൈ: നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി ഷെഹ്‌സാദിൻ്റേതല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മുംബൈ പൊലീസ് ഇത് നിഷേധിച്ചു.
ഇതിന് മുൻപും അന്വേഷണസംഘത്തിന്റെ പിഴവ് പുറത്തുവന്നിരുന്നു. ക്യാമറയിൽ പതിഞ്ഞ ആളെന്ന് സംശയിച്ച് നിരപരാധിയായ ചെറുപ്പക്കാരനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢ് സ്വദേശിയായ ആകാശ് കനോജിയ എന്ന 31-കാരനെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. ജീവിതം നശിപ്പിച്ച പൊലീസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഈ യുവാവ്.
തനിക്ക് വന്ന വിവാഹലോചന മാറിപ്പോയെന്നും ജോലി നഷ്ടമായെന്നും കനോജിയ പരാതിപ്പെടുന്നു. ജോലിക്കാരി സെയ്ഫ് അലി ഖാന്റെ വീടിന്റെ മുൻപിൽ സമരം നടത്തുമെന്നും ഇയാൾ പറഞ്ഞു. ചാനലുകൾ തന്റെ ചിത്രം സഹിതം വാർത്തകൾ നൽകിയതോടെ കുടുംബം ഞെട്ടിപ്പോയെന്നും കനോജിയ പറയുന്നു.
പൊലീസിന്റെ ഒരു തെറ്റ് തന്റെ ജീവിതം തകർത്തു. കാമറയിൽ പതിഞ്ഞ ആൾക്ക് മീശ ഉണ്ടായിരുന്നില്ല. എന്നാൽ തനിക്ക് മീശയുണ്ടെന്നും അക്കാര്യം പോലും പൊലീസ് ശ്രദ്ധിച്ചില്ലെന്നും വലിയ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കനോജിയ ആരോപിച്ചു.
മുംബൈയിൽ ടൂർ കമ്പനിയുടെ ഡ്രൈവറായ ആകാശ് കനോജിയയെ ജനുവരി 18-നാണ് പൊലീസിൽ നിന്നുള്ള വിവരത്തെ തുടർന്ന് റെയിൽവേ സംരക്ഷണസേന കസ്റ്റഡിയിലെടുത്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിലായിരുന്നു ഇത്.
പിറ്റേന്ന് ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തതോടെ കനോജിയയെ വിട്ടയച്ചു. അപ്പോഴെക്കും ചിത്രങ്ങൾ അടക്കം മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചിത്രങ്ങൾ പ്രചരിച്ച് കഴിഞ്ഞു.
ഇതോടെ പെണ്ണിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തൊഴിലുടമ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. തന്റെ വിശദീകരണം കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ബംഗ്ലാദേശ് പൗരന്റെ അറസ്റ്റിനെ ദൈവിക ഇടപെടൽ എന്നാണ് കനോജിയ വിശേഷിപ്പിച്ചത്. ഇല്ലെങ്കിൽ താൻ കേസിൽ പെട്ടുപോകുമായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു.
Leave a Comment