ന്യൂഡൽഹി: രാഷ്‌ട്ര നിർമാണത്തിന് യുവാക്കളെ പ്രചോദിപ്പിക്കാൻ എൻസിസിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 170 അതിർത്തി മേഖലകളിലേക്കും 100 തീരമേഖകളിലേക്കും എൻസിസി കേഡറ്റുകൾക്ക് എത്താനായെന്നും ജനങ്ങൾക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ കരിപ്പ ഗ്രൗണ്ടിൽ നടന്ന എൻസിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എൻസിസിയുടെ വികസനത്തിനായി കേന്ദ്രം നടത്തിയ പ്രവർത്തനങ്ങൾ സംതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ സംഭാവനയില്ലാതെ ലോകത്ത് ഒരു വികസനത്തെ കുറിച്ചും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പതിറ്റാണ്ടുകളായി കേന്ദ്രം ശ്രമങ്ങൾ നടത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2014-ൽ 14 ലക്ഷം എൻസിസി കേഡറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 20 ലക്ഷത്തോളമെത്തി. ഇതിൽ എട്ട് ലക്ഷത്തിലധികം പേർ പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണം ഉൾപ്പെടയുള്ള മേഖലകളിൽ സധൈര്യം എൻസിസി കേഡറ്റുകളെത്തുന്നു. ലോകത്തിന്റെ ഭാവി തന്നെ രാജ്യത്തെ യുവാക്കളുടെ കരങ്ങളിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് എത്താനായി രാജ്യത്തെ എൻസിസി കേഡറ്റുകളും യുവാക്കളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും അന്താരാഷ്‌ട്രതലത്തിൽ പ്രബലരാജ്യമായി വളരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.