വർക്കല: സ്ത്രീധന പീഡന പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിൽ വർക്കല എസ് ഐ എസ്. അഭിഷേകിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജി ആണ് ഉത്തരവിറക്കിയത് . വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വനിത എസ്ഐയുമായുള്ള അഭിഷേകിന്റെ ബന്ധം ഭാര്യ ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദിച്ചു എന്ന് കണ്ടെത്തൽ. അഭിഷേകിന്റെ പെരുമാറ്റ ദൂഷ്യം സേനയ്‌ക്ക് അപമാനകരം എന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
SSB യിൽ എസ് ഐ ആയിരുന്ന ആശ പരാതിക്കാരിയെ ഉപദ്രവിച്ചുവെന്നും കണ്ടെത്തൽ. കേസിലെ പ്രതിയായ എസ് ഐ ആശയെ കഴിഞ്ഞദിവസം പത്തനംതിട്ടയ്‌ക്ക് സ്ഥലം മാറ്റിയിരുന്നു.
യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുതെങ്കിലും പ്രതികൾക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോൾ യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. തുടർന്നാണ് അഭിഷേകിന്റെ ഭാര്യയായ യുവതിയെ മർദിച്ച വനിത എസ്ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്ഐ ആശയെ സ്ഥലം മാറ്റിയത്.