നാളെ ഐഎസ്ആർഒയ്‌ക്ക് ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറി. നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 നാളെ രാവിലെ 6.23-ന് ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്നതോടെ പുതിയ ചരിത്രമാകും പിറക്കുക. ‘ജിഎസ്എൽവി-എഫ്15 എൻവിഎസ് 02’ ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും.
സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ഇസ്രോ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് 02 എത്തുന്നത്.
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലിക്കാട്ട് തടാകത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലാണ് ഭാരതം ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കുന്നതിന്റെ മുഖ്യസ്ഥാനമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ഉപഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആദ്യ റോക്കറ്റ്.
ഓഗസ്റ്റ് 10-നാണ് ശ്രീഹരിക്കോട്ടയിലെ ചെറിയ വിക്ഷേപണത്തറയിൽ നിന്ന് 22 മീറ്റർ ഉയരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. എസ്എൽവി മിഷൻ ഡയറക്ടർ എപിജെ അബ്ദുൾ കലാം, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ സതീഷ് ധവാൻ എന്നിവരായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. എന്നാൽ വിക്ഷേപണം കഴിഞ്ഞ് 317-ാം സെക്കൻഡിൽ റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു, ദൗത്യം പരാജയപ്പെട്ടു. എന്നാൽ ദൗത്യത്തിന് നേതൃത്വം നൽകിയവർ തളർന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് എസ്എൽവി വീണ്ടും വിക്ഷേപണത്തറയിലെത്തിച്ചു.
1980 ജൂലൈ 18-ന് 31 കിലോഗ്രാം ഭാരമുള്ള രോഹിണി ആർഎസ്-1 എന്ന ചെറു ഉപഗ്രഹത്തെ താഴ്ന്ന ഭൂഭ്രമണപഥത്തിൽ സ്ഥാപിച്ച് ഇസ്രോ ചരിത്രമെഴുതി. എസ്എൽവി എന്ന റോക്കറ്റ് രണ്ട് തവണ കൂടി പറന്നു. ഇതിന് പിന്നാലെ 400 കിലോമീറ്റർ വരെ ഉയരത്തിൽ 150 കിലോഗ്രാം വരെയുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ ശേഷിയുള്ള എഎസ്എൽവി (Augmented Satellite Launch Vehicle) റോക്കറ്റ് എത്തി. രണ്ട് തുടർ പരാജയങ്ങൾക്കും ഒരു ഭാഗിക വിജയത്തിന് ശേഷം അവസാനത്തെ ദൗത്യത്തിൽ സമ്പൂർണ വിജയം കൈവരിച്ചു.
ഫ്രാൻസിൽ പോയി പഠിച്ച പാഠങ്ങളിൽ നിന്ന് ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വികാസ് എഞ്ചിൻ ഇസ്രോ യാഥാർത്ഥ്യമാക്കി. ഈ എഞ്ചിന്റെ പുനരാരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ചും അടുത്തിടെ ഐഎസ്ആർഒ ചരിത്രമെഴുതിയിരുന്നു. വികാസ് എഞ്ചിന്റെ കരുത്തിൽ പിഎസ്എൽവി (Polar Satellite Launch Vehicle) എന്ന കരുത്തൻ 1994-ൽ ആദ്യമായി വിക്ഷേപണത്തറയിലെത്തി. ഒന്നിലധികം ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റാണിത്. ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം.
ഐഎസ്ആർഒയുടെ ‘വിശ്വസ്തനായ പടക്കുതിര’ എന്നാണ് പിഎസ്എൽവിയുടെ വിളിപ്പേര്. ഇതുവരെ 62 റോക്കറ്റുകളാണ് പറന്നുയർന്നത്. ഇതിൽ 60 -ഉം വിജയകരമായിരുന്നു. ഇന്ത്യയെ ലോകത്തിലെ തന്നെ വലിയ ബഹിരാകാശ ശക്തിയാക്കി മാറ്റിയതിൽ പിഎസ്എൽവിയുടെ പങ്ക് ചെറുതല്ല.
റഷ്യൻ ക്രയോജനിക് എഞ്ചിനും അതിന്റെ ചുവടു പിടിച്ച് വികസിപ്പിച്ച സ്വന്തം ക്രയോജനിക് എഞ്ചിനായ ജിഎസ്എൽവി മാർക്ക് 2 (Geosynchronous satellite launch vehicle-2) ആയിരുന്നു അടുത്ത ബഹിരാകാശ വിക്ഷേപണ വാഹനം. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാനായാണ് ഇത് നിർമിച്ചത്. 2001 ഏപ്രിൽ 18-ന് ജിസാറ്റ്1 ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് കൊണ്ടായിരുന്നു വിജയകരമായ തുടക്കം. 16 വിക്ഷേപണങ്ങളിൽ 12-ഉം വിജയകരമാക്കാൻ ജിഎസ്എൽവി മാർക്ക് 2-ന് ആയി.
ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് 4,000 കിലോഗ്രാം, താഴ്ന്ന ഭൗമ ഭ്രമണപഥത്തിലേക്ക് 8,000 ടൺ വീതം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാനാകുന്ന എൽവിഎം3 (Launch Vehicle Mark-3) ആയിരുന്നു അടുത്ത വിക്ഷേപണ വാഹനം. ബഹുബലി എന്നാണ് ഇരട്ടപ്പേര്. ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് എസ്എസ്എൽവി (Small Satellite Launch Vehicle) ആണ് കൂട്ടത്തിലെ ഏറ്റവും പുതിയ താരം.
രണ്ട് വിക്ഷേപണത്തറകളാണ് ശ്രീഹരിക്കോട്ടയിലുള്ളത്. ഒന്നാം വിക്ഷേപണത്തറ 1993 മുതൽ ഇതുവരം 52 റോക്കറ്റുകളാണ് വിക്ഷേപിച്ചത്. എസ്എസ്എൽവി റോക്കറ്റിന് വേണ്ടിയാണ് ആദ്യമായ വിക്ഷേപണത്തറ നിർമിച്ചത്. 2005 മുതൽ ഇതുവരെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് 36 വിക്ഷേപണങ്ങളാണ് നടന്നത്. ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) ഉൾപ്പടെ വിക്ഷേപിക്കാൻ കഴിയുംവിധം മൂന്നാമത്തെ വിക്ഷേപണത്തറ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൗണ്ടിംഗ് റോക്കറ്റ് കോംപ്ലക്സ്, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയായ ധനുഷും എന്നിവയുമുണ്ട്.
നാല് SSLV റോക്കറ്റുകൾ, നാല് ASLV, 62 PSLV, 16 GSLV, 7 LVM3, മൂന്ന് SSLV എന്നിങ്ങനെ 96 വിക്ഷേപണങ്ങൾ കൂടാതെ ആർഎൽവി (Reusable Launch Vehicle) പരീക്ഷണത്തിന്റെ ആദ്യഘട്ട വിക്ഷേപണവും ഗഗൻയാൻ ദൗത്യത്തിന്റെ പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ എക്സ്പിരിമെൻ്റ് എന്നിവ കൂടി ചേരുന്നതോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ച റോക്കറ്റുകൾ 99. ജിഎസ്എൽവി എഫ്15 എൻവിഎസ് 02 കണക്ക് നൂറാക്കും.















