ലക്നൗ: യുപി സംഭാലിലെ കലാപത്തിനിടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനിനെ കൊല്ലാൻ കലാപകാരികൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിനായി ആയുധങ്ങൾ അടക്കം എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഷാഹി ജുമാമസ്ജിദ്-ഹരിഹർ മന്ദിർ തർക്കത്തിൽ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനാണ് വിഷ്ണു ശങ്കർ ജെയിൻ.
കലാപത്തിന്റെ സൂത്രധാരൻ ഷാരിഖ് സാത്തയാണ് ഇതിനായി ഗൂഢാലോചന നടത്തിയത്. ഇയാളുടെ നിർദ്ദേശപ്രകാരം സഹായി മുല്ല അഫ്രോസ് ആയുധങ്ങൾ കലാപകാരികൾക്ക് എത്തിച്ച് നൽകുകയും ചെയ്തു. എന്നാൽ പൊലീസ് കലാപം അടിച്ചമർത്തിയതോടെ പദ്ധതി നടപ്പായില്ല. നിരവധി പടിഞ്ഞാറൻ ഉത്തർപ്രദേശ് സ്വദേശിയായ ഷാരിഖ് സത്ത യുഎഇയിലാണ് സ്ഥിരതാമസം.
കഴിഞ്ഞ ശനിയാഴ്ച ഷാരിഖ് സത്തയുടെ കൂട്ടാളി വാരിസിനെ സംഭാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രവാചക നിന്ദ ആരോപിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ കൊലപ്പെടുത്താൻ ഷാരിഖ് സത്ത സംഘം ആയുധങ്ങൾ വിതരണം ചെയ്തതായി വാരിസ് പൊലീസിനോട് പറഞ്ഞു. സർവേ നടത്താൻ അനുവദിക്കരുതെന്നും വിഷ്ണു ജെയിനിനെ വധിക്കണമെന്നും ഷാരിഖ് സത്ത സംഘം നിർദ്ദേശം നൽകിയിരുന്നു.
സംഭാൽ കലാപത്തിൽ നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പട്ടാണ് വാരിസിനെ അറസ്റ്റ് ചെയ്തത്. കലാപത്തിനായി ആയുധങ്ങൾ എത്തിച്ചത് മുല്ല അഫ്രോസാണെന്ന് വാരിസ് പറഞ്ഞു. മുല്ല നേരത്തെ അറസ്റ്റിലായിരുന്നു. ഈ കൊലപാതകങ്ങളിലൂടെ രാജ്യത്തുടനീളം കലാപം ഉണ്ടാക്കാനാണ് ഷാരിഖ് സത്ത സംഘം ആഗ്രഹിച്ചതെന്നും വാരിസ് മൊഴി നൽകി.
മുതിർന്ന അഭിഭാഷകൻ ഹരി ശങ്കർ ജെയിന്റെ മകനാണ് വിഷ്ണു ജെയിൻ. രാമജന്മഭൂമി, ഗ്യാൻവാപി മസ്ജിദ്, സംഭാൽ തുടങ്ങി നൂറിലധികം കേസുകളിൽ ഹിന്ദു വിഭാഗത്തിന് വേണ്ടി അച്ഛനും മകനും സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്.















