കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാൻ പൊലീസ്. വിമാനത്താവളത്തിലെത്തിയാൽ പിടികൂടാനാണ് സർക്കുലർ. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനെയും സമീപിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് അറിയിച്ചിട്ടുണ്ട്.
സനൽകുമാർ ശശിധരനെതിരെ നടി 2022-ൽ പരാതി നൽകിയിരുന്നു. ഈ കേസിൽ സനൽകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനിൽക്കുമ്പോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പൊലീസിൽ പരാതി നൽകിയത്. നടിക്കെതിരെ സംവിധായകൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ അപകീർത്തി ആരോപിച്ചാൽ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്‌ബുക്കിൽ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളാണ് സനൽകുമാർ പോസ്റ്റ് ചെയ്തത്. നടിയുടേതെന്ന് തരത്തിൽ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പരാതി നൽകിയത്.















