ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ചോദ്യങ്ങൾ ആശങ്ക മാത്രമാണെന്നാണ് കോടതിയുടെ നിരീക്ഷണം. 135ലധികം കാലവർഷങ്ങൾ അതിജീവിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാറെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഡാം പൊട്ടുമോയെന്ന ഭീതിയിൽ വർഷങ്ങളായി ജനങ്ങൾ ജീവിക്കുകയാണ്. കേരളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒന്നരവർഷത്തോളം കാലത്ത് താനും ഇതേ ഭീഷണി നേരിട്ടിരുന്നു. ഡാമിന്റെ ആയുസ് പ്രവചിച്ചതിനേക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും ജസ്റ്റിസ് ഋഷികേശ് റോയ് വാക്കാൽ നിരീക്ഷിച്ചു. 135-ഓളം മൺസൂണുകൾ മറികടന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. അത്തരമൊരു അണക്കെട്ട് പണിതവരോട് അഭിമാനപുരസരം നന്ദി പറയുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അഭിപ്രായപ്പെട്ടു.















