മുംബൈ: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ കരുത്തുകാട്ടി യുപിഐ. ഡിജിറ്റൽ പേയ്മെന്റുകളിൽ യുപിഐ വിഹിതം 83 ശതമാനമായി വർദ്ധിച്ചെന്ന് ആർബിഐ റിപ്പോർട്ട്. 2019 ൽ 34 ശതമാനമായിരുന്ന യുപിഐ ഇടപാടുകൾ, 2024 ൽ 83 ആയി ഉയർന്നു. അതേസമയം, RTGS, NEFT, ക്രെഡിറ്റ് കാർഡുകൾ, തുടങ്ങി മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയുള്ള പണമിടപാടുകൾ 66 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ വളർച്ചയ്‌ക്ക് യുപിഐ വലിയ സംഭാവന നൽകിയതായും ആർബിഐ ചൂണ്ടിക്കാട്ടി.
യുപിഐ ഇടപാടുകളുടെ എണ്ണത്തിലും അതിശയിപ്പിക്കുന്ന കുതിപ്പാണുണ്ടായത്. 2018-ൽ 375 കോടിയിൽ നിന്ന് 2024-ൽ 17,221 കോടിയായി ഉയർന്നു . മാത്രമല്ല ഇടപാടുകളുടെ ആകെ മൂല്യം 2018-ലെ 5.86 ലക്ഷം കോടിയിൽ നിന്ന് 2024-ൽ 246.83 ലക്ഷം കോടിയായി ഉയരുകയും ചെയ്തു. 2024ൽ മാത്രം 208.5 ബില്യൺ ഡിജിറ്റൽ പേയ്‌മെൻ്റ് ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. കുറഞ്ഞ തുകയുടെ ട്രാൻസാക്ഷനുവേണ്ടി അവതരിപ്പിച്ച യുപിഐ ലൈറ്റിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2024ൽ യുപിഐ ലൈറ്റ് വഴി പ്രതിദിനം 2.04 ദശലക്ഷം ഇടപാടുകളാണ് നടന്നത്.
യൂണീഫൈഡ് പെയ്മെൻറ്സ് ഇൻറർഫേസ് എന്നതിന്റെ ചുരുക്ക പേരാണ് യുപിഐ. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നാണ് പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷൻ വികസിപ്പിച്ചത്.















