ന്യൂഡൽഹി: വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട കോൺഗ്രസ് നേതാവ് സാം പിത്രോദ വീണ്ടും ചർച്ചയാകുന്നു. അനധികൃത കുടിയേറ്റത്തെക്കുറിച്ച് പിത്രോദ നടത്തിയ പരാമർശമാണ് പുതിയ വിവാദം. കുടിയേറ്റക്കാർക്ക് പിറകെ പോകുന്നതിന് പകരം ആഗോളതാപനം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു സാം പിത്രോദയുടെ വാക്കുകൾ. അനധികൃത കുടിയേറ്റക്കാർ ‘പാവ’ങ്ങളാണെന്നും പിത്രോദ വിശേഷിപ്പിച്ചു. തുടർന്ന് ബിജെപി നേതൃത്വത്തിന് നേരെ വിമർശനം ഉന്നയിക്കാൻ ശ്രമിച്ച പിത്രോദ എന്നത്തേയും പോലെ വിവാദത്തിലാവുകയും ചെയ്തു.
നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ബംഗ്ലാദേശികളുടെയും ന്യൂനപക്ഷങ്ങളുടെയും പിറകെ പോകുന്ന തിരക്കിലാണ് നാം. അനധികൃത കുടിയേറ്റം തെറ്റാണെങ്കിലും ഇന്ത്യയിലേക്ക് വരാൻ അവർ ഒരുപാട് പണിപ്പെടുന്നുണ്ടെന്നത് കാണാതെ പോകരുത്. എല്ലാവരേയും നാം ഉൾക്കൊള്ളണം. അതിന്റെ പേരിൽ കുറച്ചൊക്കെ അനുഭവിക്കേണ്ടി വരാം. എന്നാലും കുഴപ്പമില്ല. സ്രോതസ്സുകൾ പങ്കുവെക്കാൻ ആരും താത്പര്യപ്പെടുന്നില്ലെന്നത് വാസ്തവമാണ്. വിശപ്പനുഭവിക്കുന്ന ആ പാവം കുടിയേറ്റക്കാരെ വേട്ടയാടുന്നതിന് പകരം ആഗോളതാപനം പോലുള്ള പ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യണം. – സാം പിത്രോദ പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർപേഴ്സണും കോൺഗ്രസ് നേതാവ് രാഹുലിന്റെ പ്രധാന ഉപദേശകനുമാണ് പിത്രോദ.
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് സാം പിത്രോദയുടെ പരാമർശം. ബംഗ്ലാദേശികളും റോഹിങ്ക്യകളും ഉൾപ്പടെ രാജ്യതലസ്ഥാനത്ത് കഴിയുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. നിയമവിരുദ്ധമായി ഡൽഹിയിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്കും നുഴഞ്ഞുകയറ്റക്കാർക്കും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ നൽകി തണലൊരുക്കുന്നത് ആംആദ്മി പാർട്ടിയാണെന്നും ബിജെപി വിമർശിച്ചിരുന്നു.















