മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് കർശനമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ക്ഷേത്ര സമിതി പുറത്തിറക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.
മാന്യതയുള്ളതും ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായതും ക്ഷേത്രത്തിന്റെ പവിത്രതയെ മാനിക്കുന്നതുമായ വസ്ത്രങ്ങൾ ഭക്തർ ധരിക്കണമെന്നാണ് ക്ഷേത്ര സമിതിയുടെ നിർദേശം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവർ ശരീരഭാഗങ്ങൾ പുറത്തുകാണിക്കുന്ന വസ്ത്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അനുചിതമായ വേഷം ധരിച്ചെത്തുന്നവർക്ക് ദർശനം അനുവദിക്കില്ലെന്നും സമിതി അറിയിച്ചു.
ഷോർട്സ്, ഇറുകിയ വസ്ത്രങ്ങൾ എന്നിവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നാണ് നിർദേശം. ക്ഷേത്ര സമിതി അംഗങ്ങൾ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഏകകണ്ഠമായി കൈക്കൊണ്ടത്.
രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ ഗണപതി ദർശനത്തിനായെത്തുന്ന വിശ്വപ്രസിദ്ധ ക്ഷേത്രമാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനായക ക്ഷേത്രങ്ങളിലൊന്നാണിത്.















