നെല്ലൂർ : ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ഐ എസ് ആർ ഓ . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി വിക്ഷേപിച്ചു. , ജിഎസ്എൽവിയുടെ ചിറകിലേറിയാണ് എൻവിഎസ്-02 കുതിച്ചത്.
സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ഇസ്രോ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് 02 എത്തുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറാമത്തെ വിക്ഷേപണമാണിത്. പ്രവർത്തനക്ഷമമായ NavIC ഉപഗ്രഹങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് NVS 02 .
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലിക്കാട്ട് തടാകത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലാണ് ഭാരതം ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കുന്നതിന്റെ മുഖ്യസ്ഥാനമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ഉപഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആദ്യ റോക്കറ്റ്.















