കോഴിക്കോട് : വിവാദ പ്രസ്‍താവനയുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ സലാം പ്രസ്താവിച്ചു.സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. മനുഷ്യന്റെ യുക്തിക്ക് എതിരായ പ്രായോഗികമല്ലാത്ത വാദമാണത് എന്നും പി എം എ സലാം പറഞ്ഞു.
“എന്തിനാണ് ഈ ഒളിപിക്‌സിൽ ഒക്കെ സ്ത്രീകൾക്ക് വേറെ മത്സരവും പുരുഷന്മാർക്ക് വേറെ മത്സരവും വെച്ചത്.? രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേ..? ഇത് രണ്ടും തുല്യമാണ് എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ അല്ലേ, ബസിൽ സ്ത്രീകൾക്ക് വേറെ സീറ്റുകൾ എഴുതി വെക്കുന്നുണ്ടല്ലോ ഇവിടെ , എന്തിനാ ഇത് വെക്കുന്നത്.. മൂത്രപ്പുര സ്ത്രീകൾക്ക് വേറെയല്ലെ? എന്തിനാ ഇത് വെക്കുന്നത് “, പി എം എ സലാം ചോദിച്ചു.
“പ്രായോഗികമല്ലാത്ത പ്രാക്ടിക്കൽ അല്ലാത്ത മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ട് വരുന്നത് അതിലൊക്കെ മുസ്‌ലിം ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. ഞങ്ങൾ തുല്യത അല്ല പറയുന്നത് “. പി എം എ സലാം പറഞ്ഞു. സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം.
സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ നിലപാടാണ് എന്ന് അടിവരയിട്ട് പറയുകയാണ് പി എം എ സലാം ചെയ്തത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.















