പ്രയാഗ് രാജ് : ഇന്ന് പുലർച്ചെ മഹാകുംഭ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് അപകടമുണ്ടായ സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. ഉടൻ തന്നെ അടിയന്തര സഹായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം യോഗിയോട് ആവശ്യപ്പെട്ടു.
കുംഭമേളയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നിരന്തരം നിരീക്ഷിക്കുകയും സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുവരെ മൂന്ന് തവണ അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. “കുംഭമേളയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി യോഗി ജിയോട് സംസാരിച്ചു, സംഭവവികാസങ്ങൾ അവലോകനം ചെയ്തു, അടിയന്തര സഹായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു,”- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലർച്ചെ 2 മണിയോടെ സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായും പത്തിലധികം പേര് മരിച്ചതായും റിപോർട്ടുണ്ട്. മഹാകുംഭ മേളയുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ മൗനി അമാവാസിയിൽ സ്നാനഘട്ടങ്ങളിൽ അഭൂത പൂർവമായ തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന് അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്‌നാനത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.