മുംബൈ: ഗർഭസ്ഥ ശിശുവിന്റെ വയറ്റിൽ മറ്റൊരു ഭ്രൂണത്തെ കണ്ടെത്തി ഡോക്ടർമാർ. മഹാരാഷ്‌ട്രയിലെ ബുൽധാനയിലാണ് അപൂർവങ്ങളിൽ അപൂർവമായ ഈ വൈദ്യശാസ്ത്ര പ്രതിഭാസം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് സർക്കാർ ആശുപത്രിയിലെത്തിയ 32 കാരിയായ ഗർഭിണിക്ക് സോണോഗ്രഫി പരിശോധന നടത്തിയപ്പോഴാണ് ഭ്രൂണത്തിന്റെ ഈ അസാധാരണ അവസ്ഥ കണ്ടെത്തിയത്.
“ഫീറ്റസ് ഇൻ ഫീറ്റു” എന്നാണ് ഈ അവസ്ഥയെ ഡോക്ടർമാർ പറയുന്നത്. ഇത്തരം 200 കേസുകൾ മാത്രമാണ് ലോകത്തിലാകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ 15-20 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

“ഞാൻ ആദ്യം ആശ്ചര്യപ്പെട്ടു, തുടർന്ന് ചിത്രങ്ങൾ ശ്രദ്ധാപൂർവ്വം വീണ്ടും പരിശോധിച്ചു,” വികസിക്കാത്ത ഭ്രൂണം കണ്ടെത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു. ഒൻപത് മാസം ഗർഭിണിയായ യുവതിക്ക് നടത്തിയ പരിശോധനയിലാണ് അപൂർവ ഭ്രൂണാവസ്ഥ കണ്ടെത്തിയത്. മുൻപ് നടത്തിയിരുന്ന സ്കാനിംഗിൽ ഇത് തിരിച്ചറിയാനായിരുന്നില്ല.
ഈ അവസ്ഥയുടെ കൃത്യമായ കാരണം പൂർണമായി മനസിലായിട്ടില്ല. എന്നാൽ ഒരേപോലെയുള്ള ഇരട്ടകളുടെ വികാസത്തിനിടയിലെ അപാകത മൂലമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടർമാർ വിശദീകരിച്ചു.















