പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി അതിവിദഗ്ധനായ കുറ്റവാളിയാണെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. ചെന്താമരയുടെ പ്രകൃതം കടുവയെ പോലെയെന്ന് പൊലീസ്. ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു. കൊലപാതകത്തിൽ പ്രതിക്ക് മനസ്താപമില്ല.
പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും വാർത്താ സമ്മേളനത്തിൽ എസ്പി പറഞ്ഞു.
പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായ ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു എസ് പി . പ്രതിയെ സ്ഥലത്തെത്തിച്ച് ഇരട്ടക്കൊല പുനരാവിഷ്കരിക്കും, തെളിവെടുപ്പ് നടത്തും. . ഇന്നു വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.എല്ലാ കാര്യങ്ങൾക്കും കൃത്യമായ പ്ലാനിങ് ഉള്ളയാളാണ് ചെന്താമര. വിഷം കുടിച്ചെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ പ്രതി തയ്യാറാക്കിവെച്ചിരുന്നുവെന്നും പാലക്കാട് എസ്.പി അജിത് കുമാർ പറഞ്ഞു.
“രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷമാണ് ഫെൻസിങ് മറികടന്ന് ഇയാൾ കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരുക്കുകൾ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ചു പ്രതിക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു.ഇയാൾ അതിവിദഗ്ധനായ കുറ്റവാളിയാണ്. പൊലീസിന്റെ നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചതു കൊണ്ടാണ് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചത്. ഇയാൾ ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കുറ്റകൃത്യത്തിൽ പ്രതിക്കു കുറ്റബോധമില്ല; ഇതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല”. എസ് പി പറഞ്ഞു.
“കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോടു ചെന്താമരയ്‌ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതു കൊണ്ടാണു ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ മന്ത്രവാദമാണു കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. അയൽക്കാർ മന്ത്രവാദം ചെയ്തെന്നാന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇതു കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. മറ്റു കാരണങ്ങൾ അന്വേഷിക്കും”. എസ്പി പറഞ്ഞു.















