കുറഞ്ഞ തുകയ്‌ക്ക് കിടിലൻ പെർഫോമൻസ് നൽകുന്നൊരു എഐ ചാറ്റ്ബോട്ട്. ലോകം ചർച്ച ചെയ്യപ്പെടുന്ന ചൈനയുടെ ഡീപ്‌സീക്ക് എഐ അസിസ്റ്റൻ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ചൈനയിലെ സ്വകാര്യ ലാബായ നീസ് എഐ ലാബാണ് ഡീപ്‌സീക്ക് പുറത്തിറക്കി ഞെട്ടിച്ചിരിക്കുന്നത്. ഓപ്പൺ എഐ, ഗൂഗിൾ ജെമിനി, മെറ്റാ എഐ എന്നിവയെ പിന്തള്ളിയാണ് ഡീപ്‌സീക്ക് കുതിക്കുന്നത്.
സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആപ്പിൾ ഐഒഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ‍് ചെയ്ത ആപ്പായി ഇത് മാറി. ജനുവരി 25-ന് ഡൗൺലോഡ് റാങ്കിംഗിൽ 102-ാം സ്ഥാനത്തായിരുന്ന ഡീപ്‌സീക്ക് ജനുവരി 27-ന് ഒന്നാം സ്ഥാനത്തെത്തി. എന്താകും ഡീപ്‌സീക്ക് ഇത്ര പ്രശസ്തമാകാൻ എന്നാകും ചിന്തിക്കുക.. ഉത്തരമിതാ..
ലിയാൻ വെൻഫെംഗ് സ്ഥാപിച്ച ചൈനീസ് എഐ ടെക് സ്റ്റാർട്ടപ്പാണ് ഡീപ്‌സീക്ക്. ഇതിന്റെ ഏറ്റവും പുതിയ മോഡലായ ഡീപ്‌സീക്ക് R1 മോഡലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മറ്റ് എഐ ആപ്പുകളെ അപേക്ഷിച്ച് ഡീപ്‌സീക്ക് സൗജന്യമാണ് എന്നതാണ് ജനപ്രിയമാക്കുന്ന പ്രധാന ഘടകം. എഐ മോഡലുകൾ വികസിപ്പിക്കാൻ വൻ തുക ചെലവാകുമെന്നിരിക്കേ 5.6 മില്യൺ ഡോളർ മാത്രമാണ് ചെലവായിട്ടുള്ളത്.
ചാറ്റ് ജിപിടിയേക്കാൾ കൃത്യതയോടും വിശദവുമായി വിവരങ്ങൾ നൽകാൻ ഡീപ്സീക്കിന് സാധിക്കും. ചോദ്യങ്ങൾ മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാൻ ഇതിന് സാധിക്കും. സോഫ്‌റ്റ്‌വെയർ കോഡുകൾ സൃഷ്ടിക്കാനും ബുദ്ധിമുട്ടേറിയ കണക്കുകൾ പരിഹരിക്കാനും മൾട്ടി സ്റ്റെപ്പ് പ്രോബ്ലം സോൾവിംഗ് ചെയ്യാനുമൊക്കെ ഡീപ്‌സീക്കിന് സാധിക്കും.
എന്നാൽ ഒരൽപം ട്വിസ്റ്റ് കൂടിയുണ്ട്… ചൈനയുടെ ഡീപ്‌സീക്കിനോട് ചൈനയെ കുറിച്ച് ചോദിച്ചാൽ ഉത്തരമില്ലെന്നതാണ് വസ്തുത. ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ചൈനയെ കുറിച്ച് സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കില്ല. ക്ഷമിക്കണം, മറ്റന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഡീപ്‌സീക്ക് മുങ്ങും. ലോകം എന്തറിയണമെന്ന് ചൈന തീരുമാനിക്കുമെന്ന് സാരം. ലോകത്തിന് മുൻപിൽ ചൈന മറച്ച് പിടിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഡീപ്‌സീക്കും മറച്ചുപിടിക്കും. ചൈനീസ് താത്പര്യങ്ങൾ ഡീപ്‌സീക്കിനെ നിയന്ത്രിച്ചാൽ ലോകത്തിന് വലിയ ഭീഷണിയാകും ഇത് സൃഷ്ടിക്കുക.















