കോട്ടയം: കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ പേരിൽ കൂട്ടയടി. കോട്ടയം ജില്ലയിലെ നാട്ടകത്താണ് സംഭവം. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ആവശ്യപ്പെട്ടതോടെ തമ്മിലടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘമാണ് കൂട്ടത്തല്ലുണ്ടാക്കിയത്.
മുട്ടം സ്വദേശിനിയും കൈനകരി സ്വദേശിയും തമ്മിലുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് മദ്യപ സംഘം ബന്ധുക്കളടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിനായി ‘ടച്ചിംഗ്സ്’ തിരക്കി വന്നതായിരുന്നു സംഘം. പിന്നാലെ ഇവർ സദ്യ കഴിക്കാനായി ഇരുന്നു. ഇതിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
സംഭവത്തിൽ മദ്യലഹരിയിലായിരുന്ന ഈ സംഘവും വിളമ്പുന്നവരുമായി വാക്കുതർക്കത്തിലായി. പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















