തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യപ്രതി ഷെറിന് മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് അസാധാരണ വേഗം. ഒറ്റമാസം കൊണ്ടാണ് ജയിൽ സമിതിയുടെ ശുപാർശയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. 20 വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ച രോഗികളെ വിട്ടയക്കണമെന്ന ജയിൽ സമിതിയുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ചില മന്ത്രിമാരുടെ പരിഗണനയും പത്തനാപുരം സ്വദേശിയായ ഷെറിന് കിട്ടിയതായാണ് വിവരം. വിവിധ ജയിലുകളിൽ ഷെറിന് കിട്ടിയ വിഐപി പരിഗണനയുടെ തുടർച്ചയാണ് മന്ത്രിസഭാ യോഗത്തിലും കണ്ടത്.
സെൻട്രൽ ജയിലിലെ ഉപദേശക സമിതികളാണ് തടവുകാരുടെ മോചനം സംബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നത്. ഈ ശുപാർശയിലാണ് സർക്കാർ തീരുമാമെടുക്കുന്നത്. സർക്കാർ അംഗീകാരം നൽകിയാലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഗവർണറുടേതാണ്.
സാധാരണയായി ആറ് മാസം കൂടുമ്പോഴാണ് ജയിൽ ഉപദേശക സമിതി യോഗം ചേരുന്നത്. കഴിഞ്ഞ ജൂണിൽ കണ്ണൂർ ജയിൽ ഉപേദശക സമിതി യോഗത്തിൽ ഷെറിന്റെ പേരെത്തിയെങ്കിലും 14 വർഷം പൂർത്തിയാകാൻ നാല് മാസം ബാക്കിയുള്ളതിനാൽ പരിഗണിച്ചില്ല. തുടർന്ന് ഡിസംബർ മാസത്തിൽ ചേർന്ന യോഗമാണ് ഷെറിന്റെ മോചനം ശുപാർശ ചെയ്തത്. ഈ ശുപാർശ ജയിൽ ഡിജിപി വഴി അതിവേഗം ആഭ്യന്തര വകുപ്പിൽ എത്തുകയും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയും ചെയ്തു.
20 വർഷത്തിലധികം ശിക്ഷ പൂർത്തിയാക്കിയ നിരവധി വനിതാ തടവുകാർ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നുണ്ട്. പൂജപ്പുര ജയിലിലെ കിടപ്പുരോഗി പോലും കൂട്ടത്തിലുണ്ട്. ഇവരെ മോചിപ്പിക്കണമെന്ന് ഉപദേശക സമിതി മൂന്ന് പ്രാവശ്യം ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുത്തില്ല.
ജയിൽ വകുപ്പ് പ്രശ്നക്കാരിയെന്ന് മുദ്രകുത്തിയ തടവുകാരിക്കാണ് അതിവേഗം മോചനം സാധ്യമാക്കാനുള്ള സർക്കാർ തീരുമാനം. അട്ടക്കുളങ്ങര ജയിലിൽ പ്രശ്മുണ്ടാക്കിയതിനെ തുടർന്നാണ് ഷെറിനെ വിയ്യൂരേക്ക് മാറ്റിയത്. അവിടെയും സമാന രീതിയിലായിരുന്നു പെരുമാറ്റം. തുടർന്നാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്.















