എറണാകുളം: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത നേരിട്ടത് കൊടിയ പീഡനമെന്ന് പൊലീസ്. പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായാണ് ഉപദ്രവിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് അനൂപ് രക്ഷപ്പെട്ടത്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാൾ സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. 19-കാരി മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ഇയാൾക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നാണ് അനൂപ് രാത്രി വീട്ടിലേക്ക് എത്തിയത്. പിന്നാലെ മർദ്ദിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. അനൂപ് 19-കാരിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചു, ശ്വാസം മുട്ടിച്ചു. മരിക്കാൻ തുനിഞ്ഞ പെൺകുട്ടിയോട് ചത്തോയെന്നും ആക്രോശിച്ചു.
പിന്നാലെ പെൺകുട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ചു. മരണവെപ്രാളത്തിനിടെ അനൂപ് ഷാൾ മുറിച്ചതോടെ പെൺകുട്ടി താഴെ വീണു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തി. ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കി. അബോധാവസ്ഥയിലായ പെൺകുട്ടിക്ക് അരികിൽ നാല് മണിക്കൂറോളമാണ് പ്രതി നിന്നത്. പെൺകുട്ടി മരിച്ചെന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഒരു വർഷത്തോളമായി അനൂപ് അടുപ്പത്തിലാണ്. സംഭവദിവസം പെൺകുട്ടിയുടെ വീട്ടിൽ അനൂപ് എത്തിയിരുന്നു. ഈ സമയം പുറത്ത് മറ്റൊരാളെ കണ്ടു. പെൺകുട്ടി വിളിച്ചിട്ട് എത്തിയ ആളാണെന്ന് കരുതി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നായിരുന്നു അതിക്രൂരമായ മർദ്ദനം. ശരീരത്ത് പലഭാഗത്തും ഇടയേറ്റ പാടുകളുണ്ട്.
മുറിവിൽ ഉറുമ്പരിക്കുന്ന നിലയിൽ അർധനനഗ്നയായാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.















