ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് റാലി തൃശൂരിൽ. ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലാകും റിക്രൂട്ട്‌മെൻ്റ് റാലി സംഘടിപ്പിക്കുക. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 3,381 ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്‌മെൻ്റ് റാലി നടത്തുന്നത്. ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവ നടത്തും. തുടർന്നാകും ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. കോമൺ എൻട്രൻസ് എക്സാം (സിഇഇ) മുഖേന തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ ചുരുക്ക പട്ടിക www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിൽ നിന്ന് റാലിക്ക് എത്തുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാനായി വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ആംബുലൻസ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.