പ്രയാഗ്രാജിലെ മഹാകുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ബോൺസ്ലെ ഇനി സിനിമ നടി. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സിനിമയിൽ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെൺകുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. 20 കോടി ബജറ്റിട്ട ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഫെബ്രുവരിയിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും മൊണാലിസ ഷൂട്ടിങ്ങിന് എത്തുക.’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കാശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
മാല വിൽപ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്രാജിൽ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ ക്യാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ഓൺലൈനിൽ ആരാധകർ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണ് പെൺകുട്ടിക്ക് നൽകിയ പേര്. പെൺകുട്ടിയുടെ വീഡിയോ രണ്ട്കോടിയിലധികം പേരാണ് കണ്ടത്. ദേശീയ- പ്രാദേശിക മാദ്ധ്യമങ്ങളിലും മൊണാലിസ വാർത്തയായി. ഇതിന് പിന്നാലെ നിരവധി പേരാണ് ഇന്റർവ്യൂവെന്നും സെൽഫിയെന്നും പറഞ്ഞ് പെൺകുട്ടിയെ സമീപിക്കാൻ തുടങ്ങിയത്. പലപ്പോഴും പിന്നാലെ കൂടുന്ന കൂട്ടത്തെ സ്വാമിമാരാണ് ആട്ടി ഓടിച്ചിരുന്നത്. ശല്യം വർദ്ധിച്ച് വന്നതോടെ മൊണലിസയെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയച്ചിരുന്നു.















