ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൽ കുറിച്ചു. പ്രായഗരാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രയാഗ്‌രാജിലെ മഹാ കുംഭം. 144 വർഷത്തിലൊരിക്കൽ… ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരൽ,” പീറ്റർ പറഞ്ഞു. ഈ വർഷം മഹാകുംഭം സന്ദർശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. 45 ദിവസത്തിനുള്ളിൽ 450 ദശലക്ഷം സന്ദർശകരാണ് പ്രായഗരാജിലെത്തിയത്.
ജനുവരി 16 ന് താൻ മഹാകുംഭമേള സന്ദർശിച്ചതായി 54 കാരനായ എൽബർസ് വെളിപ്പെടുത്തിയിരുന്നു. തന്റെ അനുഭവത്തെക്കുറിച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പും മഹാകുംഭത്തിൽ നിന്നുള്ള ഒരു കൂട്ടം ചിത്രങ്ങളും പങ്കിട്ടു. വാക്കുകൾക്കോ ചിത്രങ്ങൾക്കോ കുംഭമേളയിലെ ഊർജത്തെ വേണ്ടത്ര വിവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
തിരക്കേറിയ സമയങ്ങളിൽ മികച്ച പ്രവർത്തനത്തിന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലെ ഇൻഡിഗോ ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 2022 മുതൽ ഇൻഡിഗോയുടെ തലപ്പത്ത് എൽബർസ് ഉണ്ട്. ഇൻഡിഗോയിൽ ചേരുന്നതിന് മുമ്പ്, നെതർലൻഡിന്റെ എയർലൈനായ KLM ന്റെ പ്രസിഡൻ്റും സിഇഒയും ആയിരുന്നു അദ്ദേഹം.















