ലക്നൗ: മഹാകുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടമുണ്ടായത് എങ്ങനെയാണെന്നും എന്തെല്ലാം ഘടകങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തും.
ദുരന്തത്തിൽ മുപ്പത് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജുഡീഷ്യൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. വിരമിച്ച ജഡ്ജി ഹർഷ് കുമാറിന്റെ നേതൃത്വത്തിൽ മുൻ ഡിജിപി വികെ ഗുപ്ത, വിരമിച്ച ഐഎഎസ് ഓഫീസർ ഡി.കെ സിംഗ് എന്നിവർ ചേർന്ന് അന്വേഷണം നടത്തും.
മുഴുവൻ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം സമാന്തരമായി പൊലീസും നടത്തുന്നതാണ്. ദുരന്തം എങ്ങനെയാണ് സംഭവിച്ചത് എന്നുള്ളതിന്റെ പൂർണമായ ചിത്രം ലഭിക്കേണ്ടത് പ്രധാനമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയും ഡിജിപിയും വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് കൂടുതൽ കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം മൗനി അമാവാസിയോടനുബന്ധിച്ച് മഹാകുംഭമേളയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയായിരുന്നു ദുരന്തം. ബാരിക്കേഡ് തള്ളിമാറ്റി സംഗമസ്ഥലത്തേക്ക് തീർത്ഥാടകർ നീങ്ങിയതോടെ തിരക്ക് വർദ്ധിക്കുകയായിരുന്നു. തുടർന്ന് 30 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.















