കൊൽക്കത്ത: വനിതാ പ്രൊഫസർ ക്ലാസ്റൂമിൽ വച്ച് വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിവാദം. പശ്ചിമ ബംഗാളിലെ മൗലാന അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് (MAKAUT) സംഭവം നടന്നത്. വീഡിയോ വൻ ചർച്ചകൾക്ക് വഴിവച്ചതോടെ യൂണിവേഴ്സിറ്റി അന്വേഷണം ആരംഭിച്ചു.
A lady Professor in MAKAUT is ‘getting married’ to her young student in the office. pic.twitter.com/coXaVGH7s7
— Abir Ghoshal (@abirghoshal) January 29, 2025
ബംഗാളിലെ നാദിയ ജില്ലയിലെ ഹരിഘതയിലാണ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. സർവകലാശാലയിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റാലായിരുന്നു വൈറൽ വിവാഹം. വധുവായി ഒരുങ്ങി നിൽക്കുന്ന അദ്ധ്യാപിക ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്നതാണ് വീഡിയോ. ബംഗാളി ആചാര പ്രകാരം വിവാഹ ചടങ്ങുകൾ നടത്തുന്നതും കാണാം. വരണമാല്യം പരസ്പരം ചാർത്തി, സിന്ദൂരം അണിയിച്ച് ക്ലാസ്റൂമിനുള്ളിൽ ഇരുവരും വിവാഹം കഴിക്കുന്നതാണ് ദൃശ്യങ്ങൾ. സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. തുടർന്ന് വിവാദങ്ങൾക്കും വഴിവച്ചു. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വീഡിയോയിൽ കാണുന്ന അദ്ധ്യാപികയോട് യൂണിവേഴ്സിറ്റി വിശദീകരണം തേടിയിട്ടുണ്ട്.
എന്നാൽ യഥാർത്ഥ വിവാഹമല്ല നടന്നതെന്നും നാടകം കളിച്ചതാണെന്നുമാണ് അദ്ധ്യാപികയുടെ മറുപടി. സൈക്കോളജി ക്ലാസ് ആയതിനാൽ സിലബസുമായി ബന്ധപ്പെട്ട വിഷയം ഡ്രാമയിലൂടെ അവതരിപ്പിച്ചതാണെന്നും അദ്ധ്യാപിക പറയുന്നു. ക്ലാസ് റൂമിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വീഡിയോയാണിത്. എന്നാൽ എങ്ങനെയാണ് വീഡിയോ ചോർന്നതെന്ന് അറിയില്ലെന്നും തന്റെ സമ്മതമില്ലാതെ മറ്റാരോ ആണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റിയിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും അവർ പറഞ്ഞു.
അന്വേഷണം പൂർത്തിയാകുന്നതുവരെ കോളേജിന്റെ പടി കടക്കരുതെന്നാണ് സർവകലാശാല അധികൃതർ അദ്ധ്യാപികയ്‌ക്ക് നൽകിയിരിക്കുന്ന നിർദേശം.















