27 വർഷമായി ധന്വാ ദേവിയെയും രണ്ട് കുഞ്ഞ് മക്കളെയും തനിച്ചാക്കി പോയതാണ് ഗംഗാസാഗർ യാദവ്. പതിറ്റാണ്ടുകൾക്കിപ്പുറം മഹാകുംഭമേളയിൽ വച്ച് ഗംഗാസാഗർ യാദവിനെ കണ്ടെത്തിയിരിക്കുകയാണ് കുടുംബം. ഇന്ന് അദ്ദേഹം 65 വയസ്സുള്ള അഘോരി സന്യാസി ബാബ രാജ്കുമാറാണ്.
1998-ലാണ് ഝാർഖണ്ഡ് സ്വദേശിയായ ഗംഗാസാഗർ യാദവിനെ കാണാതാകുന്നത്. പട്നയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യാദവിനെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. അദ്ദേഹത്തെ കാണാതാവുമ്പോൾ മൂത്ത മകന് രണ്ട് വയസായിരുന്നു പ്രായമെന്ന് ധന്വാ ദേവി. ഇളയ മകനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ കാണാതാകുന്നത്. ഭാര്യയുടെ ആരോഗ്യത്തെ തന്നെ അത് സാരമായി ബാധിച്ചു. കുറെയേറെ അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് മഹാകുംഭമേളയിൽ വച്ച് അദ്ദേഹത്തെ കണ്ടെത്താനായതെന്ന് സഹോദരൻ മുരളി യാദവ് പറയുന്നു. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് ഗംഗാസാഗറിനോട് സാദൃശ്യം തോന്നുന്നയാളെ കണ്ടത്. തുടർന്ന് ഇയാളുടെ ചിത്രമെടുത്ത് അയച്ചുനൽകി. പ്രിയതമനെ തിരികെ കിട്ടിയ സന്തോഷത്തിൽ ധന്വാ ദേവിയും മക്കളും പ്രയാഗ്രാജിലേക്ക് ഓടിയെത്തി. എന്നാൽ അവിടെ എത്തി ഗംഗസാഗർ ആണോയെന്ന് ചോദിച്ചപ്പോൾ ബാബ രാജ്‌കുമാറാണെന്ന മറുപടിയാണ് കുടുംബത്തിന് ലഭിച്ചത്.
വാരണാസിയിൽ നിന്നുമാണ് വരുന്നതെന്നും പേര് ബാബ രാജ്‌കുമാർ എന്നാണെന്നും ഒപ്പമുള്ള സന്യാസിയും പറഞ്ഞു. കുടുംബത്തിന്റെ സ്ഥിരീകരണം നിരസിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ കണ്ടത് ഗംഗാസാഗർ യാദവാണെന്ന ഉറപ്പിലാണ് കുടുംബം. അദ്ദേഹത്തിന്റെ നീണ്ട പല്ലുകളും നെറ്റിയിലെ മുറിവും കാൽമുട്ടിലെ മുറിവുമാണ് ഇതിന് ഉറപ്പുനൽകുന്നത്. ധന്വാ ദേവിയും കുടുംബവും സംഭവം കുംഭമേള പൊലീസിനെ അറിയിച്ചു. ഇയാളുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.















