തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി കരുത്തിൽ ബിഹാറിനെതിരെ തിരിച്ചുവന്ന് കേരളം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ന് കളിയവസാനിക്കുമ്പോൾ കേരളം 304/9 എന്ന നിലയിലാണ്. സല്‍മാന്‍ നിസാര്‍ (111), വൈശാഖ് ചന്ദ്രൻ (1) എന്നിവരാണ് ക്രീസിലുള്ളത്. ഒരുവേള എട്ടിന് 202 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തെ കൈപിടിച്ചുയർത്തിയത് സൽമാൻ നിസാറിന്റെയും എം.ഡി നിതീഷിന്റെയും (30) പോരാട്ടമായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. ഈ മത്സരം ആദ്യ ഇന്നിംഗ്‌സ് ലീഡോടെ സമനിലാക്കിയാൽ പോലും കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. കർണാടക ജയിക്കാതിരുന്നാൽ കേരളത്തിന് സമനില മതിയാകും. ഇന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത രോഹന്‍ കുന്നുമ്മലാണ് ആദ്യം മടങ്ങിയത്. ഹര്‍ഷ് വിക്രം സിംഗിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ ആനന്ദ് കൃഷ്ണും (11) മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും നിരാശപ്പെടുത്തി. നാല് റണ്‍സായിരുന്നു സമ്പാദ്യം.
അക്ഷയ് ചന്ദ്രൻ (38) ഒരു ചെറുത്ത് നില്പിന് ശ്രമിച്ചെങ്കിലും അധിക നേരം നീണ്ടില്ല. ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിടിവള്ളിയായത്. സല്‍മാൻ നിസാറിനൊപ്പം ചേര്‍ന്ന് ഷോണ്‍ 89 റണ്‍സ് പാർ്ടണർഷിപ്പ് കണ്ടെത്തിയപ്പോൾ കേരളം തിരിച്ചുവരവ് പ്രതീക്ഷിച്ചു. ഷോണിനെ മടക്കി വീര്‍ പ്രതാപ് സിംഗ് കൂട്ടുകെട്ട് പൊളിച്ചു പിന്നാലെയെത്തിയ മുഹമ്മദ് അസറുദ്ദീന്‍ (9), ജലജ് സക്‌സേന (5), ആദിത്യ സര്‍വാതെ (6) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ കേരളം തകരുകയായിരുന്നു.