തിരുവനന്തപുരം: റെക്കോർഡ് കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവന് സ്വർണത്തിന് 960 രൂപ കൂടി 61,840 രൂപയിലെത്തി. ഗ്രാമിന് 120 രൂപ വർദ്ധിച്ച് 7,730 രൂപയായി. ആഭരണശാലകളിൽ നിന്നുള്ള പണിക്കൂലിയടക്കം 65000 രൂപയോളം ഒരുപവൻ സ്വർണത്തിന് വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ആഗോള വിപണിയിൽ സ്വർണത്തിന്റെ വില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിനുണ്ടായ കുറവുമാണ് ഇന്ത്യയിലെ സ്വർണവില കുതിച്ചുയരാൻ ഇടയാക്കിയത്. രാജ്യാന്തരവിപണിയിൽ 2796 ഡോളറാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില.
കഴിഞ്ഞ ദിവസം പവന് 120 രൂപ വർദ്ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്ന സ്വര്‍ണവിലയിലാണ് റെക്കോർഡ് കുതിപ്പുണ്ടായിരിക്കുന്നത്. 4,640 രൂപയുടെ വർദ്ധനവാണ് ഒരു മാസം കൊണ്ടുണ്ടായത്.















