ന്യൂഡൽഹി: ജനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാകും ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാലക്ഷ്മിയെ നമിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ വാക്കുകൾ തുടങ്ങിയത്. നമ്മുടെ രാജ്യത്തുള്ള പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ലക്ഷ്മീദേവി തുടർന്നും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യ 75 വർഷം പൂർത്തിയാക്കിയെന്നത് അഭിമാനകരമായ നേട്ടമാണ്. ആഗോള തലത്തിൽ മികച്ച രീതിയിൽ നിലയുറപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. മൂന്നാമതും അധികാരത്തിൽ തുടരാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചത് ജനങ്ങളാണ്. മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണിത്. 2047ൽ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ, വികസിത ഭാരതമെന്ന ലക്ഷ്യം നിറവേറ്റുമെന്നും ഈ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നും ആത്മവിശ്വാസത്തോടെ പറയാൻ തനിക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിഷ്കാരങ്ങൾക്ക് ശക്തിപകരുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം. എല്ലാ തവണത്തേയും പോലെ നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്. യുവതലമുറയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയെന്നത് സർക്കാരിന്റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രധാന്യം നൽകുന്ന സർക്കാരാണിത്. ഈ ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സഹകരണം ആവശ്യമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. സെഷന്റെ ആദ്യ ഭാഗം ഫെബ്രുവരി 13 നാണ് സമാപിക്കുക. രണ്ടാം ഭാഗം മാർച്ച് 10ന് ആരംഭിക്കും. ബജറ്റ് സമ്മേളനം ഏപ്രിൽ 4നാണ് സമാപിക്കുക.
കേന്ദ്ര ബജറ്റിന് പുറമേ നിർണായകമായ നിരവധി ബില്ലുകൾ അവതരിപ്പിക്കപ്പെടുന്ന സമ്മേളനം കൂടിയാണിത്. വഖ്ഫ് ഭേദഗതി ബിൽ 2024 ഉൾപ്പടെ 16 പ്രധാന ബില്ലുകളാണ് ഈ സെഷനിൽ അവതരിപ്പിക്കപ്പെടുക.















