എറണാകുളം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര പീഡനത്തിന് ഇരയായ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പെൺകുട്ടിയുടെ മുൻ സുഹൃത്തായ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
അതിക്രൂരമായ ലൈംഗികാതിക്രമവും മർദ്ദനവും നേരിട്ടതിനെ തുടർന്നായിരുന്നു 19 വയസുള്ള പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ സുഹൃത്തായ അനൂപ് പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ 19-കാരി മരിച്ചുവെന്ന് കരുതി അനൂപ് സ്ഥലം വിട്ടു. വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ തേടിയെത്തിയ ബന്ധുവാണ് ജനലിലൂടെ നോക്കിയപ്പോൾ ഉറുമ്പരിച്ച നിലയിൽ പെൺകുട്ടി കിടക്കുന്നത് കണ്ടത്. ഇതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 19-കാരിയെ ആക്രമിച്ച വിവരം പ്രതി സമ്മതിക്കുകയും ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്നുതന്നെ നടത്തുമെന്നാണ് വിവരം.















