ചെന്നൈ: രണ്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. തൈപ്പൂയ ദിവസമായ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റയിൽവേ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിർമിച്ച 2.05 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചത്. ഇതോടെ 22 മാസത്തെ ഇടവേളയ്‌ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും. രാമേശ്വരത്താണ് മുൻ പ്രഡിഡന്റ് എ പി ജെ അബ്ദുൾകലാം ജനിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുണ്ട് പുതിയ പാലത്തിന്.
പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയായിരുന്നു. റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിഷിധനയിൽ ഉയർന്നു വന്ൻ ചില നിർദേശങ്ങളെ തുടർന്നാണ് ഉദ്ഘാടനം നീണ്ടുപോയത്. റെയിൽവേ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയിൽനിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്. കഴിഞ്ഞയാഴ്ച ഒരു യാത്രാ തീവണ്ടി മണ്ഡപത്ത് ആളെ ഇറക്കിയ ശേഷം പാലം കടന്ന് അറ്റകുറ്റപ്പണിക്കായി രാമേശ്വരത്തെത്തി. തീരരക്ഷാ സേനയുടെ കപ്പലിന് വഴിയൊരുക്കുന്നതിനായി പാലത്തിലെ വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനം ഉയർത്തുകയും ചെയ്തു.
നവീകരിച്ച രാമേശ്വരം റെയിൽവേ സ്റ്റേഷനും വൈകാതെ ഉദ്ഘാടനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.















